ജി.എസ്.ടി ബില്‍ പാസാക്കാന്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണ
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം. സാധാരണക്കാരന്റെ നികുതിഭാരം കുറച്ചും അതേസമയം സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിപ്പിച്ചും നികുതിനിരക്ക് ഈടാക്കണമെന്ന ചരക്കുസേവന നികുതി ബില്ലിനെ കുറിച്ച് വിജ്ഞാന്‍ഭവനില്‍ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ തത്വത്തില്‍ ധാരണയായതായി ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
നിരക്ക് എത്രയായിരിക്കണമെന്ന് തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ തീരുമാനിക്കും. സംസ്ഥാനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യത്തിലും സമവായത്തിലെത്താന്‍ കഴിഞ്ഞു. ഉപഭോക്തൃ കേന്ദ്രത്തില്‍ നികുതി പിരിക്കണമെന്ന ആവശ്യത്തിലും സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണിതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പലവിധ നികുതികളാണ് ഒരു ഉല്‍പന്നത്തിന്മേല്‍ സാധാരണക്കാരന്‍ നല്‍കേണ്ടത്. സാധാരണക്കാരന്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെ നികുതി കുറച്ച് നികുതിഭാരം താഴ്ത്തുകയാണ് ലക്ഷ്യം. ഇതുള്‍പ്പടെയുള്ള ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ഭാവിയില്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. സ്വര്‍ണത്തിന്റെ നികുതി അഖിലേന്ത്യാ തലത്തില്‍ നാല് ശതമാനമാക്കുന്നതും ചര്‍ച്ച ചെയ്‌തെന്ന് ഐസക് പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതിയും നിശ്ചയിക്കും. രാഷ്ട്രീയ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും ഈ സമ്മേളനത്തില്‍ ബില്‍ പാസാകുമോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ധനമന്ത്രി തോമസ് ഐസക് യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തിലെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായ പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."