ജനവാസ കേന്ദ്രങ്ങളില്‍ ടാര്‍ മിക്സിങ് യൂനിറ്റുകള്‍ അനുവദിക്കരുത്: മനുഷ്യാവകാശ കമ്മിഷന്
ആലപ്പുഴ: ടാര്‍ മിക്സിങ് യൂനിറ്റുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ സ്ഥാപിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലീകാവകാശമാണെന്നും പൗരന്റെ ആരോഗ്യസംരക്ഷണം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കമ്മിഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ദേശീയ പാതയില്‍ ആലപ്പുഴ തിരുവിഴയില്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. മിക്സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കണമെന്ന് കമ്മിഷന് 2019 സെപ്റ്റംബര്‍ 23 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാരാരിക്കുളം ഗ്രാമപഞ്ചായത്തിനും നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥാപന പ്ലാന്റ് ഉടമ കമ്മിഷനില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്മിഷന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ജില്ലാമെഡിക്കല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്കി. തങ്ങള്‍ നല്കിയ നിര്‍ദേശങ്ങള്‍ പ്ലാന്റുടമ നടപ്പിലാക്കിയ സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാവുന്നതാണെന്ന് ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.
എന്നാല്‍ കറുത്ത പുകയും കാര്‍ബണ്‍ പോലുള്ള പദാര്‍ഥങ്ങളും നിയന്ത്രണാതീതമായി പരിസരം മലിനീകരിക്കുന്നുണ്ടെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ കമ്മിഷനെ അറിയിച്ചു. ഇത് കുട്ടികള്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കമ്മിഷന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയത്. പ്രദേശവാസികള്‍ നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."