പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ആശയപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഈ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റും അവതരിപ്പിക്കും. ജൂലൈ 26നാണ് സമ്മേളനം സമാപിക്കുക. ഇന്നും നാളെയും വിജയിച്ചവര്‍ പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചൊല്ലുന്ന ചടങ്ങായിരിക്കും. മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി അംഗം വീരേന്ദ്രകുമാര്‍ പ്രോട്ടെം സ്പീക്കറായി രാഷ്ട്രപതി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്യും. പിന്നീട് ഇദ്ദേഹമാവും സഭ നിയന്ത്രിക്കുക. സഭയിലെ മറ്റുമുതിര്‍ന്ന അംഗങ്ങളായ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷും ബി.ജെ.ഡിയുടെ ഭര്‍തൃഹരി മഹ്താബും അദ്ദേഹത്തെ സഹായിക്കും.
19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും. 20ന് സംയുക്ത സഭയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധനചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ജൂലൈ നാലിന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപുറത്ത് വയ്ക്കും. അഞ്ചിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ഇതോടൊപ്പം ഇന്ദിരാഗാന്ധിക്ക് ശേഷം പൊതുബജറ്റ് അവതരിപ്പിക്കുന്ന ആദ്യവനിതയെന്ന വിശേഷണത്തിനും നിര്‍മല അര്‍ഹയാവും.
സഭയുടെ സുഗമമായ നടത്തിപ്പിനായി പാര്‍ലമെന്ററി മന്ത്രി പ്രഹഌദ് ജോഷി വിളിച്ച സര്‍വ്വകക്ഷി യോഗം പ്രധാനമന്ത്രി നേരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്നു. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമം, പൗരത്വ ബില്ല് ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കും. ബില്ലുകള്‍ പാസ്സാക്കുന്നതിന് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടി. ഈ രണ്ടുബില്ലുകളോടും പ്രതിപക്ഷത്തുനിന്നു പുറമെ ജെ.ഡി.യു ഉള്‍പ്പെടെയുള്ള എന്‍.ഡി.എ ഘടകകക്ഷികളും എതിര്‍പ്പറിയിച്ചിട്ടുണ്ട്.
അതേസമയം, അംഗബലം കുറവാണെങ്കിലും അതു പ്രകടമാക്കാത്ത വിധം സര്‍ക്കാരിനെതിരെ തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്‌നങ്ങളും മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ആഞ്ഞടിക്കും. എല്ലാ വിഷയങ്ങളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ ആശയപോരാട്ടം തുടരുമെന്ന് യോഗശേഷം ഗുലാംനബി ആസാദ് പറഞ്ഞു. പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍, ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്), ഡെറിക് ഒബ്രെയ്ന്‍ (തൃണമൂല്‍), ഫാറൂഖ് അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), വിര മുരളീധരന്‍ (ബി.ജെ.പി) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."