ദുരിതാശ്വാസ സഹായമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അടിയന്തിര ധനസഹായം ലഭിക്കാത്തവര്‍ ഇനിയും ഏറെയുണ്ട്.
സംസ്ഥാനത്ത് പതിനായിരക്കണക്കിന് കോടിയുടെ നഷ്ടം പ്രളയം മൂലമുണ്ടായെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ പറയുമ്പോള്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന കണക്കില്‍ 4800 കോടിയുടെ നഷ്ടം മാത്രമാണെന്നാണ് പറയുന്നത്.
പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം ഇനിയും ലഭിക്കാത്തവര്‍ ഏറെയാണ്. സര്‍ക്കാര്‍ ഒരു നിശ്ചിത സമയം പ്രഖ്യാപിച്ച് അതിനുള്ളില്‍ ശേഷിക്കുന്നവര്‍ക്കു കൂടി സഹായം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യക്തികളും സംഘടനകളുമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് പുറമേ മന്ത്രിമാര്‍ ജില്ലകള്‍ തോറും നടന്ന ധനസമാഹരണം നടത്തി.
എന്നാല്‍ പണം പിരിക്കുന്നതല്ലാതെ അത് തിരികെ ജനങ്ങളിലേക്ക് എത്തുന്നതില്‍ വലിയ അമാന്തം നേരിടുകയാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. 850000 ടണ്‍ അരി എഫ്‌സിഐ ഗോഡൗണുകളില്‍ കിടന്നു നശിച്ചു. ഇത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമാണ് വീഴ്ചയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പ്രളയം മൂലം സംസ്ഥാനത്ത് 20000 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ 30000 കോടിയുടെ നഷ്ടമെന്ന് ധനമന്ത്രിയും 40000 കോടിയില്‍ പരമെന്ന് വ്യവസായ വകുപ്പ് മന്ത്രിയും പറയുന്നു. എന്നാല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കില്‍ സൂചിപ്പിക്കുന്നത് കേവലം 4796 കോടിയുടെ നഷ്ടം മാത്രമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രളയബാധിത മേഖലകളിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിലെ ധനമന്ത്രിയോ മറ്റു മന്ത്രിമാരോ പങ്കെടുത്തില്ലായെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങളില്‍ ഒരു സുതാര്യത ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്ര രൂപയുണ്ടെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഹാരിസണ്‍ ബൂഭി വിഷയത്തില്‍ സര്‍ക്കാര്‍ മതിയായ മുന്‍കരുതല്‍ എടുക്കാതിരുന്നതാണ് കേസില്‍ പരാജയപ്പെടാന്‍ കാരണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഭൂമിസംബന്ധമായ എല്ലാ കേസുകളിലും പരാജയപ്പെടുകയാണ്. നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടും രാജമാണിക്യം റിപ്പോര്‍ട്ടും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതിരുന്നതാണ് ഇതിന് കാരണം. പൊന്തന്‍പുഴ ഭൂമി വിഷയത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."