ചികിത്സിച്ചെങ്കിലും ഇതുവരെ രോഗം മാറാതെ ആരോഗ്യകേന്ദ്രം
ചങ്ങനാശേരി: മൂന്നര ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ ചെയ്ത് മോടികൂട്ടിയ ചാലച്ചിറ കുടുംബാ രോഗ്യ കേന്ദ്രം ഇതുവരെ രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് പരാതി.
കുറിച്ചി ഗ്രാമപഞ്ചായത്തിലെ എട്ട്,ഒന്‍പത്.10,11,13,17 വാര്‍ഡുകളിലായി താമസിക്കുന്ന പതിനായിരത്തിലധികം വരുന്ന ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഇത്തിത്താനം ചാലച്ചിറയിലുള്ള ആരോഗ്യകേന്ദ്രമാണ് പുതുക്കിപണിതിട്ടും ഉപയോഗ ശൂന്യമായി കിടക്കുന്നത്. കെട്ടിടത്തിന് സ്ഥലപരിമിതിമൂലം ഈ അടുത്തനാളില്‍ ഇതിനോട് ചോര്‍ന്ന്് ഒരു ഹാളും പാര്‍ക്കിംഗ് സൗകര്യവും നിര്‍മ്മിച്ചത്. എന്നാല്‍ ഈ ഹാളില്‍ തൊട്ടടുത്തുള്ള സ്ത്രീപഠന കേന്ദ്രത്തില്‍ ഉണ്ടായിരുന്ന തയ്യല്‍മെഷീന്‍ അടക്കമുള്ള ആക്രിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതുമൂലം ഇവിടെ രോഗികളെ ശുശ്രൂഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്.കൂടാതെ ഒരു മുറിയില്‍ താല്കാലികമായി അംഗന്‍വാടി പ്രവര്‍ത്തിക്കുന്നതും ആരോഗ്യ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമാകുന്നു. ഇതുമൂലം ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള കുത്തിവെയ്പ്പുകള്‍ നടത്തുന്നതിനായി പുളിമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള അംഗന്‍വാടിയാണ് നിലവില്‍ ഉപയോഗിക്കുന്നത്.
അറ്റകുറ്റപ്പണികള്‍ ചെയ്‌തെങ്കിലും കെട്ടിടം പെയിന്റ് ചെയ്തിട്ടില്ല. ഇതുമൂലം മുറികള്‍ക്കുള്ളില്‍ പൊടിശല്യം വര്‍ദ്ധിക്കുന്നത് രോഗികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു. കൂടാതെ കെട്ടിടത്തിന്റെ മുറ്റവും ചുറ്റുപാടും കാടുകയറിക്കിടക്കുന്നതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
മുന്‍ കാലത്ത് ഈ കെട്ടിടത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്‌സ് സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ കെട്ടിടം കാലപ്പഴക്കം ചെന്ന് വാതിലുകളും ജനാലകളും ദ്രവിച്ചുതുടങ്ങിയതോടുകൂടി ജീവനക്കാര്‍ ഇവിടെ താമസിക്കാതെയായി. ഇതുമൂലം ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ദിവസവും പോയിവരുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു. ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം നിവാസിയാണ്. ഇവര്‍ക്ക് ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യം ലഭ്യമായാല്‍ അതിന്റെ പ്രയോജനം ആരോഗ്യമേഖലയ്ക്കും ഈ പ്രദേശത്തെ ജനങ്ങള്‍ക്കും ലഭിക്കും.
കെട്ടിടത്തിനുള്ളില്‍ ശൗചാലയം ഇല്ലാത്തത് ഗര്‍ഭിണികളായ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നുണ്ട്. നിലവില്‍ കെട്ടിടത്തിന് വെളിയില്‍ ഒരു ശൗചാലയം ഉണ്ടെങ്കിലും അതില്‍ വെള്ളവും ലഭ്യമല്ല. കുടിവെള്ള പ്രശ്‌നമാണ് ഈ ആരോഗ്യകേന്ദ്രത്തിന്റെ മറ്റൊരു മാറാവ്യാധി.കെട്ടിടത്തിന് പിന്നിലായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്ക് ഉപയോഗശൂന്യമായി മാറുകയും കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നത് ആരോഗ്യകേന്ദ്രത്തിന് നാണക്കേടുണ്ടാക്കുകയാണ്. ഇത് പൊളിച്ചുമാറ്റി അവിടെ കിണറോ കുഴല്‍കിണറോ സ്ഥാപിച്ചാല്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകും.
സ്വന്തമായി കെട്ടിടവും ഗതാഗത സൗകര്യവുമടക്കമുള്ള ഈ ആരോഗ്യകേന്ദ്രം, സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലമാക്കി ഇത്തിത്താനം പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാക്കണമെന്ന് ഇതിനായി ആരോഗ്യമന്ത്രിയടക്കം ത്രിതലപഞ്ചായത്തുകള്‍ക്ക് നിവേദനം നല്‍കുവാന്‍ സിപിഎംബ്രാഞ്ച് കമ്മറ്റി തീരുമാനിച്ചു. അധികാരികള്‍ കണ്ണുതുറന്നാല്‍ രക്ഷപെടുന്നത് ഒരു നാടിന്റെ ആരോഗ്യരംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."