ആറു കുടിവെള്ള സ്രോതസുകളില്‍ കോളിഫോം ബാക്റ്റീരിയ കണ്ടെത്തി
വണ്ടിത്താവളം: പട്ടഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പത്തു ദിവസം മുന്‍പ് ആരോഗ്യവകുപ്പ് ശേഖരിച്ച കുടിവെളളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഇന്നലെ ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജലസ്രോതസുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.
പാലക്കാട് റീജിയണല്‍ ഡയഗ്‌നോസിസ് സെന്ററില്‍ അയച്ച വെള്ളത്തിന്റെ പരിശോധനാ ഫലം വന്നപ്പോള്‍ മൂന്നു സ്‌കൂളുകള്‍ ഉള്‍പ്പടെ ആറു ജലസ്രോതസുകളില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് കൂടുതലെന്ന് കണ്ടെത്തിയത്. പഞ്ചായത്തിലെ വണ്ടിത്താവളം, പട്ടഞ്ചേരി, നന്ദിയോട് സ്‌കൂളുകളിലെ കുടിവെള്ളവും റീജിയണല്‍ ഡയഗ്‌നോസിസ് സെന്ററില്‍ പരിശോധനക്ക് അയച്ചിരുന്നു.
ഇതിന്റെ ഫലം വന്നപ്പോള്‍ വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്. സ്‌കൂളിലെ കുടിവെള്ള സ്രോതസുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തവിധവും മറ്റുള്ളവ കഠിനമായ ക്‌ളോറിനേഷനിലൂടെ മാത്രമേ ഉപയോഗിക്കാം എന്നനിലയിലുള്ളതാണ് റിപ്പോര്‍ട്ട്.
കോളറ പടര്‍ന്നുപിടിച്ച പട്ടഞ്ചേരി കടുചിറയിലെ രണ്ടു സ്രോതസുകളിലും, പുള്ളിമാന്‍ചള്ളയിലെ ഒരു സ്രോതസിലുമാണ് അനിയന്ത്രിതമായ തോതില്‍ കോളിഫോം ബാക്റ്റീരിയ കണ്ടെത്തിയത്.
മൂന്നുദിവസത്തിലൊരിക്കല്‍ 10 തവണ സൂപ്പര്‍ ക്‌ളോറിനേഷന്‍ നടത്തുന്നതിലൂടെ ഈ സ്രോതസുകളെ ഉപയോഗപ്രദമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. എന്നാലും വീണ്ടും പരിശോധിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."