മൈത്രക്കടവ് പാലം നിര്‍മാണത്തില്‍ അഴിമതി 10 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
അരീക്കോട്: മൈത്രക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി തെളിഞ്ഞു. ഏറനാട് മണ്ഡലത്തിലെ അരീക്കോട് ഊര്‍ങ്ങാട്ടീരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി.
പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ കരാറെടുത്തിരുന്നവര്‍ക്ക് 14 ലക്ഷം രൂപ രണ്ട് തവണ നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് അന്വേഷണ വിധേയമായി പത്ത് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തു.
അക്കൗണ്ടന്റ് ജനറല്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തിരിമറി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരേ പ്രവര്‍ത്തിക്ക് രണ്ട് തവണ പണം നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഉത്തരവാദികളായ 10 ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനിയര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് പ്രഥമ ദൃഷ്ട്യാ ഉത്തരവാദികളായി കാണപ്പെട്ട ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ്പന്‍ഡ് ചെയ്ത് ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഈ വിഷയം സംബന്ധിച്ച് ചീഫ് എഞ്ചിനിയറുടെ പരാമര്‍ശം പ്രകാരം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും 14 ലക്ഷം രൂപ ഒരേ പ്രവര്‍ത്തിക്ക് രണ്ട് പ്രാവശ്യം അനുവദിച്ച് നല്‍കിയത് ഗുരുതരമായ ക്രമക്കേടാണെന്ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കരാറുകാരന് രണ്ട് തവണ ലക്ഷക്കണക്കിന് രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനിയറുടെ അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ഉത്തരവാദികളായവരെ അന്വേഷണ വിധേയമായി റൂള്‍സ് 1960 പ്രകാരം സസ്‌പെന്‍ഡ് ചെയ്താണ് ഉത്തരവിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."