HOME
DETAILS
MAL
പോത്തുകല്ലില്‍ ഇടതു പിന്തുണയോടെ യു.ഡി.എഫ് വിമതന് പഞ്ചായത്ത് പ്രസിഡന്റായി
backup
September 18 2018 | 11:09 AM
നിലമ്പൂര്‍: പോത്തുകല്ലില്‍ ഇടത് പിന്തുണയോടെ യു.ഡി.എഫ് വിമതന് പഞ്ചായത്ത് പ്രസിഡന്റായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ സി കരുണാകരന് പിള്ളയാണ് പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എട്ടിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് പിള്ള തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. യുഡി.എഫ് അംഗങ്ങള്‍ പത്ത് മണിയോടെ പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. എടക്കരയിലെ രഹസ്യ കേന്ദ്രത്തിലായിരുന്ന ഇടത് അംഗങ്ങളയെും, പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കരുണാകരന് പിള്ളയേയും പത്ത് മണിയോടെതന്നെ പഞ്ചായത്ത് ഓഫീസിലെത്തിച്ചു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ഇടത് പിന്തുണയോടെ കരുണാകരന് പിള്ള പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എമ്മിലെ സി സുഭാഷ് കരുണാകരന് പിള്ളയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ഇടത് അംഗം ജോസഫ് ജോണ്‍ പിന്താങ്ങി. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ സി എച്ച് സുലൈമാന്‍ ഹാജിയുടെ പേര് ചാത്തംമുണ്ട വാര്‍ഡംഗം ത്രേസ്യാമ്മ നാമനിര്‍ദ്ദേശം ചെയ്തു. അംഗം ഉമൈമത്ത് പിന്താങ്ങുകയും ചെയ്തു. പതിനേഴ് അംഗങ്ങളില്‍ ഒന്‍പത് പേര് കരുണാകരന് പിള്ളയ്ക്ക് അനുകൂലമായും, എട്ട് അംഗങ്ങള്‍ സുലൈമാന്‍ ഹാജിക്ക് അനുകൂലമായും വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് കരുണാകരന് പിള്ള പ്രസിഡന്റായി സത്യവാചകം ചെല്ലി അധികാരമേറ്റു.
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച കരുണാകരന് പിള്ള ഇടത് പിന്തുണയോടെ ഇനിമുതല്‍ പഞ്ചായത്ത് ഭരിക്കും. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി സുലൈമാന്‍ ഹാജിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വം കരുണാകരന് പിള്ളയ്ക്ക് വിപ്പ് നല്‍കിയിരുന്നു. കൊറിയറിലും, രജിസ്ട്രേഡ് തപാലിലും വിപ്പ് നല്‍കിയെങ്കിലും കരുണാകരന് പിള്ള വിപ്പ് കൈപ്പറ്റിയിരുന്നില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വരണാധികാരി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബിജു പറമ്പത്ത് കിഴക്കയില്‍, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."