HOME
DETAILS
MAL
സഊദിയിൽ അപകടത്തില്‍ അബോധാവസ്ഥയിലായ മലയാളി ബാലനെ നാട്ടിലേക്ക് കൊണ്ടുപോയി
backup
June 17 2019 | 10:06 AM
റിയാദ്: കാർ അപകടത്തെ തുടർന്ന് രണ്ടര മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന മലയാളി ബാലനെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോയി. മംഗലാപുരം സ്വദേശിയായ റിയാസ് ഹസന്റെ മകന്‍ റിദ്‌വാ(12)നെയാണ് ഡോക്ടറുടെയും നഴ്‌സിന്റെയും അകമ്പടിയോടെ ഞായറാഴ്ച ഉച്ചക്ക് ശേഷം റിയാദ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തി കൊച്ചിയിലേക്ക് കൊണ്ടുപോയത്. കൊച്ചിയില്‍ നിന്നും ആംബുലന്‍സില്‍ മംഗലാപുരം കസ്തുര്‍ബ മെഡിക്കല്‍ കോളേജിലെത്തിച്ചു വിദഗ്ധ ചികിത്സ നൽകാനാണ് പദ്ധതി. യു.എ.ഇയിലെ സന്നദ്ധ സംഘമായ യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസ് ടീം മെഡിക്കല്‍ ഉപകരണങ്ങളുമായി റിയാദിലേക്ക് അയച്ച ഡോ. പിങ്കി എലിസബത്ത്, നഴ്‌സ് അരുണ്‍ ആനന്ദ് എന്നിവരാണ് രോഗിയെ അനുഗമിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടാണ് കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിയാദില്‍ വര്‍ഷങ്ങളായി ഓഡിയോ വിഷ്വല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് റിയാസ്.
മാര്‍ച്ച് 28ന് രാത്രി റിയാസ് ഹസന്‍ ഓടിച്ച കാര്‍ ഓള്‍ഡ് സനയ്യയില്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ റിയാസിനും മക്കളായ റിദ്‌വാന്‍, റിഷാന്‍, റിഫാസ്, ഭാര്യ ഷഹ്നാസ്, ഭാര്യാ മാതാവ് പാത്തുഞ്ഞി എന്നിവര്‍ക്ക് പരിക്കേറ്റത്. മലസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച റിസ്‌വാൻ ഒഴികെയുള്ളവർ രണ്ടാഴ്ചക്ക് ശേഷം ആശുപത്രി വിട്ടു. തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ ചികിത്സ തുടര്‍ന്നെങ്കിലും റിദ്‌വാന്റെ നിലയില്‍ പുരോഗതിയുണ്ടായില്ല.
തുടര്‍ന്ന് ആസ്റ്റര്‍ സനദ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഭാഗികമായി ചലനശേഷിയും ബോധവും വീണ്ടെടുത്തിട്ടുണ്ട്.
കൈകാലുകള്‍ പൊട്ടിയ പാത്തുഞ്ഞിയെയും റിഷാന്‍, റിഫാസ് എന്നിവരെയും നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കാറായതിനാല്‍ തുടർ ചികിത്സ പ്രതിസന്ധിയിൽ ആകുമെന്നറിഞ്ഞ റിയാസും ഭാര്യയും റിദ്‌വാനെ നാട്ടിലെത്തിക്കുന്നതിനുള്ള വഴികള്‍ തേടുകയായിരുന്നു. എന്നാൽ അനുഗമിക്കാന്‍ ഡോക്ടർ അടക്കമുള്ള മെഡിക്കൽ സംഘത്തിന്റെ സഹായം വേണ്ടതിനാൽ യൂനിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്ഫര്‍ സര്‍വീസ് ടീമുമായി ബന്ധപ്പെട്ടതോടെ ഇവർ സഹായിക്കാൻ ഏറ്റതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. കൊച്ചിയിൽ ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സ തുടരാനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും കര്‍ണാടക ആരോഗ്യമന്ത്രി ഇടപെട്ട് കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചികിത്സ സൗകര്യമൊരുക്കിയതിനെ തുടർന്നാണ് കൊച്ചിയില്‍ നിന്നും രോഗിയെ പ്രത്യേക ആംബുലന്‍സിൽ കസ്തൂര്‍ബയിലേക്ക് കൊണ്ടുപോവുക. മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. രോഗിക്കും ഡോക്ടര്‍ക്കും നഴ്‌സിനും ഇന്ത്യന്‍ എംബസിയാണ് ടിക്കറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."