പട്ടയഭൂമിയില്‍ താമസിക്കാനും കൃഷിയിറക്കാനും അനുവദിക്കണം ആദിവാസികള്‍ മണ്ണാര്‍ക്കാട് മിനി സിവില്‍സ്റ്റേഷന്‍ ഉപരോധിച്ചു
മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയില്‍ താമസിക്കാനും, കൃഷി ചെയ്യാനും അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അട്ടപ്പാടി നക്കുപ്പതിപിരിവ് ഊരിലെ ആദിവാസികള്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ചു. കേരള കര്‍ഷക സംരക്ഷണ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടത്തിയത്. ആദിവാസി ഊരിലെ വൃദ്ധരും, സ്ത്രീകളുമടക്കം നൂറോളം പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി അട്ടപ്പാടിയിലെ അഗളി വില്ലേജ് പരിധിയിലെ 1054 സര്‍വെ നമ്പറിലെ ആദിവാസികളുടെ കൈവശമുളള ഭൂമിക്ക് റവന്യു അധികൃതര്‍ കരം വാങ്ങുന്നില്ലെന്നും, കൈവശ ഭൂമിയില്‍ കൃഷി ചെയ്താല്‍ വനം വകുപ്പ് അധികൃതര്‍ നശിപ്പിക്കുകയാണെന്നും ഉപരോധക്കാര്‍ ആരോപിച്ചു.
2007ല്‍ വനം വകുപ്പ് അധികൃതര്‍ ഏട്ട് ആദിവാസികളുടെ വീട് നശിപ്പിച്ചിരുന്നതായും അതിനുളള നഷ്ടപരിഹാരം അടിയന്തിരമായി നല്‍കണമെന്നുമായിരുന്നു ആദിവാസികള്‍ ആവശ്യപ്പെട്ടത്. രാവിലെ 10ന് തുടങ്ങിയ ഉപരോധം വൈകുന്നേരം അഞ്ചോടെയാണ് അവസാനിപ്പിച്ചത്. ജില്ലാ കലക്ടര്‍ മേരിക്കുട്ടി, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവ എന്നിവര്‍ വൈകുന്നേരം 4.45 ഓടെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ആദിവാസികളുടെ ഭൂമിയില്‍ അടുത്ത 45 ദിവസത്തിനകം റവന്യു - വനം വകുപ്പ് എന്നീ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. കൂടാതെ 2007ല്‍ വനം വകുപ്പ് അധികൃതര്‍ ആദിവാസികളുടെ കുടിലും, ഭക്ഷണ സാധനങ്ങളും നശിപ്പിച്ച സംഭവത്തില്‍ പ്രഖ്യാപിച്ച ധനസഹായം അടിയന്തിരമായി നല്‍കാനും വനം വകുപ്പ് അധികൃതരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് സി.ഐ ഇന്‍ചാര്‍ജ്ജ് ദീപക് കുമാര്‍, എസ്.ഐ ഷിജു. കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുളള പൊലിസ് സംഘവും രാവിലെ സ്ഥലത്തെത്തിയിരുന്നു. കര്‍ഷക സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ശിവരാമന്‍, സെക്രട്ടറി റെയ്‌മെന്റ് ആന്റണി, നക്കുപ്പതി പിരിവ് ഊരിലെ മൂപ്പന്‍ തൂതി, രവീന്ദ്രനാഥ്, സഹസ്രം, ജയപ്രകാശ്, അന്നകുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."