പ്രളയക്കെടുതിക്കിരയായവര്‍ക്കുള്ള അടിയന്തിര സഹായവിതരണം പൂര്‍ത്തിയാവുന്നതായി സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതമുളള സഹായത്തിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായതായി സര്‍ക്കാര്‍.
ഇതുവരെ അഞ്ചര ലക്ഷം പേര്‍ക്ക് സഹായം നല്‍കി കഴിഞ്ഞു. മരണപ്പെട്ടവര്‍ക്കുളള സഹായം മുന്നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് പോലുളള രേഖകള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ക്കു മാത്രമാണ് ആനുകൂല്യം നല്‍കാന്‍ ബാക്കിയുളളതെന്നും സര്‍ക്കാര്‍ അറിയിച്ചു.
80,461 വീട്ടമ്മമാര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പ നല്‍കാനുളള നടപടികള്‍ പൂര്‍ത്തിയായി. ബാക്കിയുളള അപേക്ഷകളിന്മേല്‍ നടപടികള്‍ പുരോഗമിക്കുന്നതായി കുടുംബശ്രീ വൃത്തങ്ങള്‍ അറിയിച്ചു.
വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ഐ.ടി വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വെ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,79,000 ത്തോളം വീടുകളില്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. 50,000 ത്തോളം വീടുകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ 80 ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 787 കുടുംബങ്ങളിലായി 2,457 പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.
വീടുകളും സ്‌കൂളുകളും ആശുപത്രികളും മറ്റ് പൊതു സ്ഥാപനങ്ങളും നിര്‍മ്മിച്ചുനല്‍കാനും അറ്റകുറ്റപ്പണി നടത്താനും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സംഘടനകളും സന്നദ്ധത അറിയിക്കുന്നതായും ഇവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."