മമതക്കു വെല്ലുവിളിയായി ബംഗാളില്‍ അധ്യാപക പ്രക്ഷോഭം: അധ്യാപകരും പൊലിസും തെരുവില്‍ എറ്റുമുട്ടി
കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ ഉലച്ച ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ മമത സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി പുതിയ സമരവുമായി അധ്യാപകരും. പ്രതിഷേധത്തിനിടെ അധ്യാപകരും പൊലിസുകാരും ഇന്ന് തെരുവില്‍ എറ്റുമുട്ടി.
സേവന വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ നടത്തിയ പ്രതിഷേധ സമരമാണ് ആക്രമാസക്തമായത്.
ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച അധ്യാപകര്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി.
സമരക്കാര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞു. മണിക്കൂറുകള്‍ നീണ്ടസംഘര്‍ഷത്തിനൊടുവില്‍ അധ്യാപകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധിച്ചു.
വേതന വര്‍ധനവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു അധ്യാപകസംഘടനകള്‍ തെരുവിലിറങ്ങിയത്. ഡി.എ വര്‍ധിപ്പിക്കുക, കരാര്‍ അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അധ്യാപകര്‍ മുന്നോട്ട് വയ്ക്കുന്നത്. ജാഥയായി വികാസ് ഭവനിലെ വിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തേക്ക് എത്തിയ അധ്യാപകരെ പൊലിസ് തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിലേക്കു വഴിമാറിയത്.
തുടര്‍ന്ന് ചര്‍ച്ചയാവാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിലാണ് സമരക്കാര്‍ പിന്തിരിഞ്ഞത്.
കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിനെതിരെ അധ്യാപകര്‍ സൂചന സമരം നടത്തിയിരുന്നു. അധ്യാപകര്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയ പിന്തുണയുണ്ടോയെന്ന് വ്യക്തമല്ല. എന്നാല്‍ സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. പിന്നാലെ ഡോക്ടര്‍മാരുടെ സമരത്തിന് ബിജെപി ബംഗാള്‍ ഘടകം പിന്തുണയറിക്കുകയും ചെയ്തു. സര്‍ക്കാരിനെതിരെ അടിക്കടി സമരങ്ങള്‍ ശക്തമാകുന്നത് മമതയ്ക്കതിരെ ബിജെപിക്ക് പ്രയോഗിക്കാനുള്ള ആയുധങ്ങളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."