സഊദിയുടെ സാമ്പത്തിക സ്ഥിതി ഭദ്രം; വളര്‍ച്ചാ നിരക്ക് കൂടും
ജിദ്ദ: സഊദി ദേശീയ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും ആഭ്യന്തര ഉത്പന്നങ്ങളുടെ വളര്‍ച്ച 1.9 ശതമാനം വരെ ഉയരുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും സഊദി കേന്ദ്ര ബാങ്കായ സാമയുടെ ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ രാജ്യം 1.4 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ ഡിജിറ്റല്‍ ബാങ്ക് തുറക്കുന്നത് സജീവ പരിഗണനയിലാണെന്ന് സാമ ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്യത്ത് വൈകാതെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ചില ബാങ്കുകളുടെ ശാഖകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദിയില്‍ വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ ബ്രാഞ്ചുകള്‍ വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്നും വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അടുത്തമാസം പ്രഖ്യാപിക്കുമെന്നും ഡോ. അഹ്മദ് അല്‍ഖുലൈഫി വിശദമാക്കി.
നിലവില്‍ ഗള്‍ഫ് മേഖലയിലെ പ്രശസ്തമായ മൂന്ന് ബാങ്കുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ചില ആഗോള ബാങ്കുകള്‍ നിലവില്‍ പ്രവര്‍ത്തനാനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെയും ഔദ്യോഗികമായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ലോണിന്മേല്‍ സാമ ഇടപെടുന്നില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."