ജെ.പി നദ്ദ ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തന്നെ തുടരും
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി ജഗത് പ്രകാശ് നദ്ദ(ജെ.പി നദ്ദ)യെ തെരഞ്ഞെടുത്തു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അടുത്ത ആറുമാസത്തേക്ക് പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് നദ്ദ മേല്‍നോട്ടം വഹിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഒന്നാംമോദി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായിരുന്ന നദ്ദയെ രണ്ടാംമോദിമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും അമിത്ഷാ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെ, പുതിയ അധ്യക്ഷനായി നദ്ദ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അധ്യക്ഷനായി അമിത്ഷാ തന്നെ തുടരാനും അദ്ദേഹത്തെ സഹായിക്കാനായി 58കാരനായ നദ്ദയെ ചുമതലപ്പെടുത്തുകയുമാണ് ഇന്നലെ പാര്‍ട്ടിയുടെ യോഗം ചെയ്തത്. ഇതാദ്യമായാണ് ബി.ജെ.പിക്ക് വര്‍ക്കിങ് പ്രസിഡന്റ് എന്ന പദവി ഉണ്ടാവുന്നത്.
ദേശീയ അധ്യക്ഷനെന്ന നിലയിലുള്ള അമിത് ഷായുടെ കാലാവധി കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചതാണെങ്കിലും പൊതുതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ നീട്ടി നല്‍കുകയായിരുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്നാണ് ബി.ജെ.പിയുടെ ഭരണഘടന പറയുന്നത്. ഇത് തെറ്റിച്ചാണ് ഇപ്പോള്‍ അമിത് ഷാ രണ്ട് ചുമതലയിലും തുടരാന്‍ തീരുമാനിച്ചത്. അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നിരവധി തെരഞ്ഞെടുപ്പുകള്‍ വിജയിച്ചുവെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടിയ മുന്‍ അധ്യക്ഷനും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്, അമിത് ഷായെ ആഭ്യന്തരമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം തന്നൈ അഭ്യര്‍ത്ഥിച്ചതായും പറഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ സന്ദര്‍ഭത്തിലാണ് ബി.ജെ.പിയുടെ വര്‍ക്കിങ് പ്രസിഡന്റായി ഹിമാചല്‍പ്രദേശില്‍നിന്നുള്ള നദ്ദയുടെ വരവ്. ഈ വര്‍ഷം മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
നിലവില്‍ ബി.ജെ.പി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ. അടിയന്തരാവസ്ഥാകാലത്ത് ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ ക്രാന്തി മൂവ്‌മെന്റില്‍ ചേര്‍ന്നാണ് നദ്ദ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എ.ബി.വി.പിയില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 1993ല്‍ ആദ്യമായി ഹിമാചല്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ വിജയം ആവര്‍ത്തിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി. 2007ല്‍ വിജയം ആവര്‍ത്തിച്ച് വീണ്ടും മന്ത്രിയായി. 2012ല്‍ രാജ്യസഭയിലെത്തി. 2014ല്‍ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി. അഛന്‍ എന്‍.എല്‍ നദ്ദ പാട്‌ന സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാലയിലെ അധ്യാപകനായ ഡോ.മല്ലിക നദ്ദയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."