മൂന്നുപേര്‍ മലയാളത്തില്‍, കൊടിക്കുന്നില്‍ ഹിന്ദിയില്‍; മറ്റ് കേരളാ എം.പിമാര്‍ ഇംഗ്ലീഷില്‍
ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ ആദ്യദിനമായ ഇന്നലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ തിരുവനന്തപുരത്തുനിന്നുള്ള എം.പി ഡോ. ശശി തരൂര്‍ ഒഴികെയുള്ള എല്ലാവരും സത്യപ്രതിജ്ഞചെയ്തു. ഇതില്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷാണ്. സഭയിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷം അടുത്തയാളായണ് സത്യവാചകം ചൊല്ലിയത്.
കാസര്‍കോട്ടുനിന്നുള്ള രാജ്‌മോഹന്‍ ഉണ്ണിത്താനും ആലപ്പുഴയില്‍ നിന്നുള്ള എ.എം ആരിഫും പാലക്കാട്ടുനിന്നുള്ള വി.കെ ശ്രീകണ്ഡഠനും മാത്രമാണ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത കേരളാ എം.പിമാര്‍. കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ ചൊല്ലിയപ്പോള്‍ വയനാട്ടില്‍ നിന്നുള്ള എം.പിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള മറ്റ് കേരളാ എം.പിമാരൊക്കെയും ഇംഗ്ലീഷാണ് ഉപയോഗിച്ചത്. മുസ്‌ലിംലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും കെ. സുധാകരനും ഉള്‍പ്പെടെയുള്ളവര്‍ ദൈവനാമത്തിലും പ്രതിജ്ഞചെയ്തു.
അതേസമയം, മലാളിയായ കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞചെയ്ത നടപടി വിവാദത്തിനിടയാക്കി. കൊടിക്കുന്നിലിനെ കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് ശാസിച്ചു. നിങ്ങള്‍ക്കു നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതായിരുന്നു ഉചിതമെന്നും സോണിയ പറഞ്ഞു. ഇംഗ്ലീഷിലോ നിങ്ങളുടെ പ്രാദേശിക ഭാഷയിലോ വേണം സത്യപ്രതിജ്ഞ ചൊല്ലാനെന്നും സോണിയ ഓര്‍മിപ്പിച്ചു. എം.പിമാര്‍ അവരുടെ ഭാഷയോ ഇംഗ്ലീഷോ ഉപയോഗിക്കുക എന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന കീഴ്‌വഴക്കം. ഇതുതെറ്റിച്ചതിനാണ് സോണിയയുടെ ശാസന. ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിവാദമാവുകയും ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മലയാളിയായ മുതിര്‍ന്ന അംഗം തന്നെ ഹിന്ദി ഉപയോഗിച്ചതാണ് സോണിയയെ ചൊടിപ്പിച്ചത്. അതേസമയം, ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ കൊടിക്കുന്നിലിന് ബി.ജെ.പി അംഗങ്ങളുടെ വന്‍തോതില്‍ കൈയടി ലഭിക്കുകയും ചെയ്തു.
നേരത്തെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചൊല്ലാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഹിന്ദി പഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹിന്ദി ഉപയോഗിച്ച കൊടിക്കുന്നിലിനെ സോണിയാഗാന്ധി ശാസിച്ച വിവരം അറിഞ്ഞതോടെ ഉണ്ണിത്താന്‍ മലയാളത്തില്‍ തന്നെ സത്യവാചകം ചൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."