നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ചു നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പാല്, പത്രം, വിമാനത്താവളം, ആശുപത്രി, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കൊഴികെയുള്ള വാഹനങ്ങള്‍ തടയും. നിലമ്പൂര്‍ നഞ്ചന്‍കോട് പാതക്കായുള്ള സര്‍വേ നടപടികള്‍ക്കായി മുന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ ഡി.എം.ആര്.സിക്ക് നല്‍കാതെ പദ്ധതി അട്ടിമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. തലശ്ശേരി-മൈസൂരു പാതയ്ക്കുവേണ്ടി സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്കു പാര പണിയുന്നതെന്നും അതിനു നിലമ്പൂര്‍ എം.എല്‍.എ കൂട്ടുനില്‍ക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ഭാരവാഹികളായ ഇസ്മാഈല്‍ മൂത്തേടം, എ. ഗോപിനാഥ്, എന്‍.എ കരീം, കെ.ടി കുഞ്ഞാന്, ബിനോയ് പാട്ടത്തില്‍, ടി.കെ രാജ്മോഹന്‍ പങ്കെടുത്തു. ബി.ജെ.പിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇ.ടി വിദ്യാധരന്, അഡ്വ. ടി.കെ അശോക് കുമാര്‍, അജി തോമസ്, പ്രകാശ് ബാബു, വിപിന്‍ നാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."