ഹാരിസണ്‍ കേസ്: റവന്യൂമന്ത്രിയുടെ പഠനം എന്ന് തീരും
ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ള 38,000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥര്‍ അവര്‍തന്നെയാണെന്നാണ് തിങ്കളാഴ്ച സുപ്രിംകോടതി വിധിച്ചത്. ഏപ്രില്‍ 11ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ഇത് തന്നെയായിരുന്നു വിധിച്ചിരുന്നത്. ഈ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലില്‍ പോയിരുന്നു. സുപ്രിംകോടതി സര്‍ക്കാരിന്റെ അപ്പീല്‍ ഹരജി തള്ളി ഹാരിസണ്‍ കമ്പനിക്ക് ഉടമസ്ഥാവകാശം നല്‍കിയതില്‍ ദുരൂഹതയൊന്നുമില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിയമത്തിന്റെ വഴികളിലൂടെ സസൂക്ഷ്മം സഞ്ചരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിക്കാധാരം. അല്ലെങ്കില്‍ ഇന്ത്യ സ്വതന്ത്രമായി എഴുപത്തിയൊന്ന് വര്‍ഷം കഴിഞ്ഞിട്ടും വിദേശികള്‍ക്ക് ഇന്ത്യയില്‍ സ്വത്തിനവകാശമുണ്ടെന്ന് കോടതി പറയുമ്പോള്‍ അതില്‍ പ്രകടമാവുന്നത് സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കാമെന്നതിന്റെ ഉദാഹരണവും കൂടിയാണ് സുപ്രിംകോടതി വിധി.
അഴിമതി അത് കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റെയും മാത്രം കാര്യമല്ല. രാജ്യത്തിന്റെ മേല്‍ അള്ളിപ്പിടിക്കുന്ന അര്‍ബുദം തന്നെയാണ്. റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ അഴിമതി നടത്തി സര്‍ക്കാരിന്റെ ഭൂമി ഹാരിസണ്‍ കമ്പനി പോലുള്ള കുത്തകകള്‍ക്ക് അനുകൂലമാക്കിതീര്‍ക്കുമ്പോള്‍ ഒരു തുണ്ടുഭൂമിയില്ലാതെ, അടുക്കള പൊളിച്ച് ശവക്കല്ലറ തീര്‍ക്കുന്നവരുടെ നാടും കൂടിയാണിത്. ലക്ഷങ്ങളാണ് ഒരു കൂര വച്ച്‌കെട്ടാന്‍ തുണ്ട് ഭൂമിയില്ലാതെ കഷ്ടപ്പെടുന്നത്. അപ്പോഴാണ് 38,000 ഏക്കര്‍ ഹാരിസണിന് പതിച്ച് നല്‍കുന്ന വിധി വന്നിരിക്കുന്നത്. മണല്‍മാഫിയകള്‍ക്കും ക്വാറി മാഫിയകള്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതിന്റെ ദാരുണാന്ത്യവും കൂടിയായിരുന്നു മഹാപ്രളയം വരുത്തിയ കഷ്ടനഷ്ടങ്ങള്‍.
ഭൂമിയുടെ അവകാശം നിര്‍ണയിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്നും അത് സിവില്‍ കോടതിയാണ് നിര്‍ണയിക്കേണ്ടതെന്നും പറഞ്ഞാണ് സുപ്രിംകോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. അത് തന്നെയായിരുന്നുവല്ലോ സിംഗിള്‍ബെഞ്ചിന്റെ സര്‍ക്കാര്‍ അനുകൂല ഉത്തരവ് തള്ളിക്കൊണ്ട് ഡിവിഷന്‍ബെഞ്ച് ഏപ്രില്‍ 11ന് പുറപ്പെടുവിച്ച വിധിയിലുമുള്ളത്. എന്നിട്ടും അതേ വാദമുഖങ്ങളുമായി സുപ്രിംകോടതിയെ സമീപിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു.
റവന്യൂ രേഖകള്‍ പ്രകാരം നിലവില്‍ ഭൂമിയുടെ അവകാശം കൈവശക്കാര്‍ക്ക് ആയതിനാല്‍ സ്‌പെഷല്‍ ഓഫിസറുടെ ഒഴിപ്പിക്കല്‍ ഉത്തരവ് നിയമപരമല്ലെന്നാണ് സുപ്രിംകോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ ഹാരിസണ്‍ കമ്പനിയുടെ കൈയിലുള്ള രേഖകളും പ്രമാണങ്ങളും പട്ടയങ്ങളും എല്ലാം വ്യാജമാണെന്നും 1970 മുതല്‍ 1980 വരെയുള്ള കാലയളവിനുള്ളില്‍ നിര്‍മിച്ചതാണെന്നും പകല്‍പോലെ വ്യക്തമായിട്ടും ഈ യാഥാര്‍ഥ്യം കോടതിയെ ബോധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ സര്‍ക്കാരിനകത്തെ ശക്തികള്‍തന്നെ പരാജയപ്പെടുത്തി എന്ന് വേണം കരുതാന്‍.
ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഹാരിസണ്‍കമ്പനി തട്ടിപ്പ് നടത്തി പട്ടയം കൈവശപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ തന്നെ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ പറയുന്നുണ്ട്. അപ്പോള്‍ ഇതിന് ഉപോല്‍ബലമായ തെളിവുകള്‍ ഹാജരാക്കാതെ അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിനെയും സംസ്ഥാനത്തെയും വഞ്ചിക്കുവാന്‍ അവസരം നല്‍കുകയായിരുന്നില്ലേ.
നേരത്തെ സിംഗിള്‍ബെഞ്ചിന്റെ മുമ്പാകെ ഈ കേസ് വാദിച്ചത് സ്‌പെഷല്‍ പ്ലീഡര്‍ സുശീലാഭട്ട് ആയിരുന്നു. നിരവധി പ്രമുഖരുമായി അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് സുശീലാഭട്ടിനെ കേസ് ഏല്‍പ്പിച്ചത്. അവരത് വളരെ ഭംഗിയായി നിര്‍വഹിക്കുകയും ഹാരിസണ്‍ മലയാളം കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കുവാന്‍ കോടതി ഉത്തരവാകുകയും ചെയ്തു. ഇതിനെതിരേ ഹാരിസണ്‍ കമ്പനി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലില്‍ പോകുന്നതോടെയാണ് കഥ മാറുന്നത്. സുശീലാഭട്ടിനെ ഇടത് മുന്നണി സര്‍ക്കാര്‍ മാറ്റി.
ഹാരിസണ്‍ കമ്പനിക്ക് അനുകൂലമായ വിധി പ്രസ്താവമാണ് നേരത്തെ ഡിവിഷന്‍ ബെഞ്ചില്‍നിന്നും ഇപ്പോള്‍ സുപ്രിംകോടതിയില്‍ നിന്നും വന്നിരിക്കുന്നത്. ഹാരിസണ്‍ കമ്പനിയുടെ കൈവശം യാതൊരു രേഖയുമില്ലെങ്കില്‍ മാത്രമേ സ്‌പെഷല്‍ ഓഫിസറായിരുന്ന രാജമാണിക്യത്തിന് ഭൂമി പിടിച്ചെടുക്കാനുള്ള അധികാരമുള്ളൂ.
എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വ്യാജമായി നിര്‍മിച്ച് നല്‍കിയ കള്ളപ്രമാണങ്ങളുടെ ബലത്തിലാണ് കോടതി ഇപ്പോള്‍ ഹാരിസണിന് അനുകൂലമായി വിധി പറഞ്ഞിരിക്കുന്നത്. സര്‍ക്കാരും വ്യക്തികളും തമ്മിലുള്ള ഭൂമി കേസുകളില്‍ സര്‍ക്കാര്‍ സമീപിക്കേണ്ടത് സിവില്‍ കോടതിയെയാണ്. ഈ കേസിലും സര്‍ക്കാര്‍ സമീപിക്കേണ്ടിയിരുന്നത് സിവില്‍ കോടതിയെയായിരുന്നു. അതാണ് സുപ്രിംകോടതിയും നേരത്തെ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സര്‍ക്കാരിന്റെ കേസ് നടത്തിപ്പുകാര്‍ അതിലേക്കൊന്നും തിരിഞ്ഞില്ല.
വന്‍കിടക്കാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കുകയാണെങ്കില്‍ അത് നിയമപരമായും കൃത്യമായ വഴികളിലൂടെയുമായിരിക്കണമെന്ന് ഹൈക്കോടതിതന്നെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും സുപ്രിംകോടതിയില്‍ തോറ്റുകൊടുത്തത് ആര്‍ക്കുവേണ്ടിയായിരുന്നു.
1963ല്‍ ഭൂപരിഷ്‌കരണ ഭേദഗതിബില്‍ പാസാക്കിയപ്പോഴുണ്ടായിരുന്ന സാമൂഹികാവസ്ഥയല്ല ഇപ്പോള്‍. ലക്ഷങ്ങളാണ് തലചായ്ക്കാന്‍ ഇടമില്ലാതെ അലയുന്നത്. അപ്പോഴാണ് വിദേശ കമ്പനി നമ്മുടെ 38,000 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. അവരെ ഒഴിപ്പിക്കുന്നതിന് വിഘാതമായി നില്‍ക്കുന്നത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരും. വിദേശികള്‍ എങ്ങനെ നമ്മുടെ കുടിയാന്മാരാകും ആ നിലക്ക് എങ്ങിനെയാണവര്‍ക്ക് നമ്മുടെ ഭൂമി കൈവശം വയ്ക്കാനാവുക.
വ്യാജരേഖകളുടെ ബലത്തില്‍ ഏതാണ്ട് അഞ്ചുലക്ഷം ഹെക്ടര്‍ ഭൂമി വിദേശികള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് നമുക്ക് കിട്ടിയെന്ന് പറയുന്ന സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നില്ലല്ലോ. ഇത് നമ്മുടെ ഭരണഘടനയോടുള്ള അവഹേളനവും കേരളീയരെ അപമാനിക്കുന്നതും കൂടിയാണ്. ഈ ഭൂമി വീണ്ടെടുക്കാന്‍ പ്രത്യേക നിയമനിര്‍മാണമൊന്നും വേണ്ട. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കോര്‍പ്പറേറ്റുകളായ വിദേശ കമ്പനികള്‍, അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേരളത്തില്‍ കൊഴുത്തുവളരുന്നതിന്റെ മറുപുറം കൂടിയാണ് സുപ്രിംകോടതി വിധിയിലൂടെ വ്യക്തമാകുന്നത്.
വിഷയം ഇനിയും പഠിക്കാനുണ്ടെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ സുപ്രിംകോടതി വിധി വന്നയുടനെ പ്രതികരിച്ചത്. പഠനം ഇനിയെന്നാണാവോ തീരുക. നമ്മുടെ ഭൂമി എന്ന് നമുക്ക് തിരിച്ചുകിട്ടും. ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."