ഭാരതത്തെ ഇഷ്ടപ്പെടുന്നവരേ.., ജാഗ്രതയോടെ ഇരിക്കുക
ഇപ്പോള്‍ ലോകമാകെ യാത്രചെയ്ത് ഇന്ത്യയെ വിറ്റു പണമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും സഹപ്രവര്‍ത്തകരുമടക്കം ഏതെങ്കിലും ഹിന്ദുത്വവാദി ഈ കുറിപ്പു വായിക്കാനിടയില്ല. എന്നാലും ചോദിക്കാനാഗ്രഹിക്കുന്ന അനേകം ചോദ്യങ്ങളുണ്ട്. ഇപ്പോള്‍ ഫാസിസത്തിന്റെ പ്രത്യക്ഷ ശത്രു മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളും ദളിതരുമാണ്. മുസ്‌ലിംകളടക്കമുള്ളവരുടെ ജനസംഖ്യ നിയന്ത്രിക്കണമെന്നു സാധ്വി പ്രാചിയും സാക്ഷി മഹാരാജുമടക്കമുള്ളവര്‍ വിളിച്ചുപറയുന്നുണ്ട്.
അവരോടെല്ലാം ഈ രാജ്യത്തെ മനുഷ്യര്‍ ചോദിക്കണം: ''ആര്‍ക്കാണ് ജനസംഖ്യയുടെ കുറവും കൂടുതലും അസ്വസ്ഥതയുണ്ടാക്കുന്നത്. ഈ മഹാരാജ്യത്ത് 85 ശതമാനം വരുന്ന ഹിന്ദുക്കളുടെയിടയിലാണ് ഇവിടത്തെ മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നത്. എന്നിട്ട് ഞങ്ങള്‍ക്കിവിടുത്തെ ഹിന്ദുസഹോദരങ്ങളുടെ ജനസംഖ്യ ഭീഷണിയായി തോന്നിയിട്ടില്ല. ഇപ്പോഴും തോന്നുന്നില്ല.
കാരണം, ഞങ്ങള്‍ക്കറിയാം ഇവിടത്തെ ഹിന്ദുക്കള്‍ നരഭോജികളല്ലെന്ന്. മുസ്‌ലിമും ഹിന്ദുവും പരസ്പരം കൊണ്ടും കൊടുത്തും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന നാടാണിത്. പശുവിറച്ചിയുടെ പേരില്‍ നിങ്ങള്‍ തല്ലിക്കൊന്ന അബ്ദുല്ല അഖ്‌ലാകിന്റെ ദാദ്രിയിലേയ്ക്ക് ഇപ്പോള്‍ ചെന്നു നോക്കൂ. കൊന്നവര്‍ക്ക് ആ നാട്ടിലേയ്ക്കിപ്പോള്‍ പ്രവേശനമില്ല. അവിടെ ഹിന്ദുവും മുസ്‌ലിമും ചേര്‍ന്നാണു മറ്റൊരു മുസ്‌ലിംപെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്.
'നിങ്ങള്‍ പാകിസ്താനിലേയ്ക്കു പോയ്‌ക്കോളൂ'വെന്നു ഫാസിസ്റ്റുകള്‍ ഇടയ്ക്കിടെ മുസ്‌ലിംകളോടു പറയാറുണ്ട്. ഇന്ത്യക്കാരെന്ന നിലയില്‍ ആരാണു പാകിസ്താനിലേയ്ക്കു പോവേണ്ടത്. ഇവിടത്തെ മുസ്‌ലിംകള്‍ ഈ രാജ്യത്തു ജനിച്ചുവളര്‍ന്നവരാണ്. അവര്‍ ഇവിടെത്തന്നെ ജീവിച്ച് ഈ മണ്ണില്‍ത്തന്നെ മരിക്കേണ്ടവരുമാണ്.
മുസ്‌ലിംരാജാക്കന്മാര്‍ 800 വര്‍ഷത്തോളം ഈ രാജ്യം ഭരിച്ചിട്ടുണ്ട്. അന്നു രാജഭരണത്തിന്റെ പരമമായ അധികാരം കൈയിലുണ്ടായിട്ടും ഇവിടത്തെ ഹിന്ദുവിനോടും ജൈനനോടും സിഖുകാരനോടും 'നിങ്ങള്‍ നേപ്പാളിലേയ്ക്കു പൊയ്‌ക്കോളൂ, നിങ്ങള്‍ ബര്‍മ്മയിലേയ്ക്കു പൊയ്‌ക്കോളൂ' എന്നു പറഞ്ഞിട്ടില്ല.
ഇവിടത്തെ മുസ്‌ലിംകള്‍ പാകിസ്താനിലേയ്ക്കു പാലായനം ചെയ്യേണ്ട ഘട്ടമുണ്ടായാല്‍ ആദ്യം അങ്ങനെ ചെയ്യരുതെന്നു പറഞ്ഞു കൈപിടിച്ചു വിലക്കുന്നവര്‍ ഇവിടത്തെ യഥാര്‍ഥ ഹൈന്ദവസഹോദരങ്ങളായിരിക്കും. അക്കാര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു നല്ല ഉറപ്പുണ്ട്. ഇത് ഇന്ത്യയിലെ മനുഷ്യര്‍ സംഘപരിവാരത്തോടു പറയേണ്ട സമയമാണിത്.
അതിനാല്‍ മനുഷ്യപക്ഷത്തു നില്‍ക്കുന്ന യഥാര്‍ത്ഥ ദേശീയവാദികള്‍ ഇപ്പോളുയര്‍ത്തേണ്ട പ്രധാന ചോദ്യം ഈ പ്രവൃര്‍ത്തികളുടെ ഫലമെന്താണെന്നാണ്. തകര്‍ക്കപ്പെട്ട മസ്ജിദുകളും അഗ്നിക്കിരയാക്കപ്പെടുന്ന ക്ഷേത്രവാതിലുകളും പച്ചയ്ക്കു തീകൊളുത്തപ്പെടുന്ന മനുഷ്യരും ചെയ്ത തെറ്റെന്താണ്. ചെയ്തവര്‍ക്കൊന്നും ഉത്തരമറിയില്ല.
മസ്ജിദ് വെട്ടിപ്പൊളിച്ചെടുക്കുമ്പോള്‍ അതില്‍ പങ്കെടുത്ത് നിര്‍വൃതിയടഞ്ഞ, കര്‍സേവകന്‍ പിന്നീട് ഒരിക്കല്‍ പോലും സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല. എന്നാല്‍ അതിന് നേതൃത്വം നല്‍കിയവരൊന്നും, കര്‍സേവകര്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന് അന്വേഷിക്കുന്നുണ്ടാവില്ല. കാരണം, നേതാക്കള്‍ക്കാവശ്യം ആ പള്ളി തകരുകയെന്നതായിരുന്നു, അതു നല്‍കുന്ന രാഷ്ട്രീയനേട്ടം മാത്രമായിരുന്നു.
അങ്ങനെയുള്ള ഘട്ടത്തില്‍ മനുഷ്യപക്ഷത്തു നിന്നുള്ള ചോദ്യങ്ങള്‍ തീരെ പ്രസക്തമാവുകയില്ല. ഓരോ കലാപത്തിലും ഇരയാക്കപ്പെടുന്നവര്‍ മാത്രമല്ല വേട്ടയാടുന്നവരും മനോവ്യഥയനുഭവിക്കുന്നു. തന്റെ നീട്ടിപ്പിടിച്ച ആയുധത്തിന്റെ കൂര്‍ത്ത മുനയില്‍ തീര്‍ന്ന ജീവന്റെ പിടച്ചില്‍ കൊലയാളിയെ ആയുഷ്‌കാലം മുഴുവന്‍ വേദനിപ്പിക്കുകയില്ലേ. കൊല്ലിച്ചവനു മനസില്‍നിന്ന് ഒരിക്കലെങ്കിലും കുറ്റബോധമില്ലാതാവുമോ. ഓരോ തവണയും ആഹാരം അവന്റെ ചങ്കില്‍ തടയില്ലേ. രക്തത്തില്‍ മുങ്ങിയ കൈകൊണ്ടാണു താന്‍ ജീവിക്കുന്നതെന്ന ബോധം അവനെ മുറിപ്പെടുത്തുകയില്ലേ.
ഏതാശയത്തിന്റെ പേരിലായാലും മനുഷ്യനെ കൊല്ലുന്നതു ന്യായീകരിക്കാനാവുമോ. എന്തിനു മനുഷ്യനെക്കുറിച്ചു ചിന്തിക്കണം. അകാരണമായി ജീവജാലങ്ങളെ കൊല്ലുന്നത്, നശിപ്പിക്കുന്നത് ഹൃദയമുള്ളവന് അംഗീകരിക്കാനാവുമോ.അശോക് മോച്ചിയെ ഇന്ത്യ മറക്കാന്‍ പാടില്ല. 2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ നടന്ന നരഹത്യയില്‍ നരോദ പാട്ടിയയിലെ വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുകയും അവിടെയുള്ള മനുഷ്യരെ ഗ്യാസ് സിലിണ്ടറുകള്‍ക്കിടയിലേയ്ക്കു കുത്തിവീഴ്ത്തി അവരുടെ ശരീരത്തിലേയ്ക്കു പടര്‍ന്ന് ആളിക്കത്തിയ അഗ്നിയുടെ പശ്ചാതലത്തില്‍ കൈയിലെ ഇരുമ്പു ദണ്ഡ് ഉയര്‍ത്തി അലറിവിളിച്ച ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണ് അശോക് മോച്ചി.
കലാപത്തിനുശേഷം നാമമാത്രമായ ശിക്ഷ കഴിഞ്ഞിറങ്ങിയ ആ യുവാവ് ഭ്രാന്തിന്റെയും ബോധത്തിന്റെയും നൂല്‍പ്പാലത്തിലാണു ജീവിച്ചത്. ഇപ്പോള്‍ സാഹാപൂരിലെ തന്റെ പഴയ ചെരിപ്പുകടയില്‍ ചെരുപ്പുതുന്നുമ്പോഴും ലഭ്യമായ സമയം മുഴുവന്‍ മനുഷ്യസൗഹാര്‍ദത്തെക്കുറിച്ചു പഠിപ്പിക്കാന്‍ സംസ്ഥാനമാകെ സഞ്ചരിക്കുകയാണിയാള്‍. കലാപവേളയില്‍ ആയുധം തന്ന് ഇറക്കി വിട്ട സവര്‍ണ്ണരെയാരെയും പിന്നീടു കണ്ടില്ലെന്ന് ഇയാള്‍ ഇന്നു വിലപിക്കുന്നു. ഓരോ നിമിഷവും മുന്നില്‍ കത്തിയെരിഞ്ഞ മനുഷ്യരുടെ ദയനീയമായ നിലവിളിയാണു കാതില്‍ എന്നും മുഴങ്ങുന്നതെന്നും മോച്ചി വേദനയോടെ പശ്ചാത്തപിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ രാഷ്ട്രത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. സ്‌നേഹത്തെ, കഴിഞ്ഞ അഞ്ചു സഹസ്രാബ്ദങ്ങളിലൂടെ ഇന്ത്യയെ ചേര്‍ത്തു പിടിച്ച, സ്‌നേഹത്തെ നഷ്ടപ്പെടുത്തിയാല്‍ പിന്നീടൊരിക്കലും നമുക്ക് ഈ രാജ്യമെന്ന നന്മയെ പുനഃസൃഷ്ടിക്കാന്‍ പറ്റിയില്ലെന്നു വരാം. കാരണം, ലോകത്ത് ഏറ്റവും സ്വാസ്ഥ്യം നിറഞ്ഞ പ്രവൃത്തി സ്‌നേഹിക്കുകയാണ്. സ്‌നേഹിക്കുമ്പോള്‍ അവിടെ സ്‌നേഹം മാത്രമേയുള്ളൂ, മറ്റൊന്നുമില്ല.
സ്‌നേഹം! അതിനു പകരം മറ്റൊരു വികാരവും ഉപയോഗിക്കാനാവില്ല. വെറുപ്പും ദേഷ്യവും വൈരവും കുത്തിവയ്ക്കാം, അതുപയോഗിച്ച് എന്തും നശിപ്പിക്കാം. ക്രൂരമായ വികാരങ്ങളെല്ലാം കത്തിജ്ജ്വലിപ്പിച്ചെടുക്കുകയുമാവാം, എന്നിട്ട്, അതുപയോഗിച്ചു പ്രതികാരം ചെയ്യാം, തകര്‍ത്തെറിയാം, അടിച്ചു നശിപ്പിക്കാം, വെട്ടിയെറിയാം. എന്നാല്‍, സ്‌നേഹിക്കുമ്പോള്‍ നന്മ മാത്രമേ സംഭവിക്കുന്നുള്ളൂ. സ്‌നേഹിക്കുമ്പോള്‍ ഹൃദയങ്ങള്‍ പ്രകാശിക്കുകയും മനസ് മധുരോദാരമായ ദൈവികാവസ്ഥയിലേയ്ക്ക് ഉയരുകയും ചെയ്യുന്നു.
അതിനാല്‍, ഭാരതത്തെ ഇഷ്ടപ്പെടുന്ന മനുഷ്യരേ.., നമ്മള്‍ ജാഗ്രതയോടെയിരിക്കണം. സൂറതുല്‍ ഹുജുറാത്തിന്റെ ആറാം സൂക്തത്തില്‍ അല്ലാഹു പറയുന്നതുപോലെ കപടന്മാരെ സൂക്ഷിക്കണം. കപടന്മാര്‍ എന്തെങ്കിലും വാര്‍ത്തകള്‍ പടച്ചുവിടുമ്പോഴേയ്ക്കു വികാരത്തിനടിമപ്പെട്ടു ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഷെയര്‍ ചെയ്തു കുഴപ്പമുണ്ടാക്കരുത്.
എട്ടുവയസുള്ള പെണ്‍കുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടും മയക്കുമരുന്നു നല്‍കിയും നിഷ്‌കരുണം വധിച്ചു കളഞ്ഞവര്‍ക്ക് ആ മനസുണ്ടായത് ഇത്തരം ഹീനമായ പ്രചാരണവേലകളില്‍ നിന്നാണെന്നതു മറക്കരുത്. സാംസ്‌കാരികനായകന്മാരും എഴുത്തുകാരും മതപ്രവര്‍ത്തകരും പ്രഭാഷകരും ഭാരതത്തിന്റെ പക്ഷത്തുള്ള രാഷ്ട്രീയക്കാരുമെല്ലാം വളരെ ജാഗ്രത്തായി മാത്രം വാക്കുകളെ ഉപയോഗിക്കുക, വളരെ സൂക്ഷിച്ചു മാത്രം സംസാരിക്കുക.
ഓര്‍മ്മിക്കുക ഈ രാജ്യം ഇപ്പോള്‍ പുകഞ്ഞു നീറുന്ന അഗ്നിസ്ഫുലിംഗം മാത്രമാണ്. അതു കെടുത്താന്‍ വളരെ എളുപ്പമാണ്. വിവേകം ഉണ്ടായാല്‍ മതി. എന്നാല്‍, ഇതുപയോഗിച്ചു സര്‍വവും നശിപ്പിക്കാന്‍ അതിലേറെ എളുപ്പമാണ്. ഒരു നിമിഷാര്‍ദ്ധം മതി. അതിനാല്‍, പ്രളയകാലത്തെ കേരളം പോലെ എല്ലാം മറന്നു വിവേകത്തോടെ ഐക്യപ്പെടാന്‍ സമയമായിരിക്കുന്നു. വെറുപ്പിന്റെ ഉല്‍പ്പാദകരോടു വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."