പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ശ്രമം കോടിയേരിയെ പിടിവിടാതെ സി.പി.എം സംസ്ഥാന സമിതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാര്‍ട്ടിയേയും സര്‍ക്കാരിനെയും ജനമധ്യത്തില്‍ മോശമായി കാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അതിനു കേരളത്തിലെ കോണ്‍ഗ്രസും കൂട്ടുനില്‍ക്കുകയാണെന്നും സി.പി.എം സംസ്ഥാന സമിതി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ വഴിവിട്ട ബന്ധങ്ങള്‍ അറിയാതെ പോയത് വീഴ്ചയാണ്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന് കേസില്‍ പ്രതിസ്ഥാനത്തായാല് സര്‍ക്കാരിന്റെ വികസന പദ്ധതികളിലാകെ അഴിമതിയാണെന്നു പ്രതിപക്ഷം പറയുന്നതു രാഷ്ട്രീയ ദുരുദ്ദേശ്യത്തോടു കൂടിയാണ്. ഇതിനെതിരേ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പാര്‍ട്ടി സെക്രട്ടറിയുടെ മകന് ബിനീഷ് കേസില്‍പ്പെട്ടതിനാല്‍ അതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ നേതാക്കള്‍ വ്യക്തമാക്കി.
മികച്ച പ്രതിച്ഛായയുണ്ടായിരുന്ന സര്‍ക്കാരിനു നിലവിലെ വിവാദങ്ങള്‍ തിരിച്ചടിയാണെന്ന അഭിപ്രായവും സംസ്ഥാന സമിതിയില്‍ ഉണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ ജാഗ്രതക്കുറവു മൂലം സംഭവിച്ചതാണ്. ഇത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ പറഞ്ഞു. ബിനീഷുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്നു കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി മാറേണ്ടതില്ലെന്ന പൊതുവികാരമാണ് സംസ്ഥാന സമിതിയില്‍ ഉണ്ടായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണു സി.പി.എം സംസ്ഥാന സമിതി പ്രധാനമായും ചര്‍ച്ച ചെയ്തത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ളയും സംസ്ഥാന രാഷ്ട്രീയം കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."