ലോട്ടറി നികുതി ഏകീകരണം: കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനം
തിരുവനന്തപുരം: ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനം. ലോട്ടറി നികുതി ഏകീകരിക്കരുതെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ധനമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ലോട്ടറി നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഏകീകരിക്കാര്‍ ജി.എസ്.ടി കൗണ്‍സില്‍ വഴിയുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
കേരള ലോട്ടറിയെ സംരക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ ഏതറ്റംവരെയും പോകും. ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സ്വീകരിക്കില്ല. സമന്വയത്തിന്റെ പാതയെന്ന പൊതുതത്വമാണ് ഇതുവരെ സ്വീകരിച്ചത്. ലോട്ടറി നികുതി എകീകരിക്കാനുള്ള വളഞ്ഞ വഴിയാണ് ജി.എസ്.ടി കൗണ്‍സിലിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഈ നീക്കം ഒരുകാരണവശാലും അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളിക്കളയാനാണ് ശ്രമമെങ്കില്‍ കേരളം വോട്ടെടുപ്പ് ആവശ്യപ്പെടും. അതുവേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളെ ചവിട്ടിമെതിക്കാമെന്ന കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മുന്‍പ് ഈ വിഷയം കൗണ്‍സിലില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളും കേരളത്തിന്റെ ആവശ്യത്തോടൊപ്പം നിന്നു. 21ന് ചേരുന്ന കൗണ്‍സില്‍ യോഗത്തിലും ഈ യോജിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇതിനായുള്ള ആശയവിനിമയം നടക്കുന്നുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. ഇത് ഇല്ലാതാക്കാനാണ് എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റേത് ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നീക്കമാണെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."