കര്‍ണാടകയില്‍ ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം
ബംഗളൂരു: കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം ശക്തമാക്കിയതോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ കടുത്ത സമ്മര്‍ദ്ദം. എന്നാല്‍ സര്‍ക്കാരിന് ഒരുതരത്തിലുള്ള പ്രതിസന്ധിയുമില്ലെന്ന് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും നേതാക്കള്‍ ആരോപിച്ചു.
ബി.ജെ.പിയുടെ എല്ലാ എം.എല്‍.എമാരെയും ബംഗളൂരുവില്‍ ഇന്ന് പ്രത്യേക യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന അഭ്യൂഹത്തിന് ആക്കം കൂടിയത്. അതിനിടയില്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രമേശ് ജാര്‍ഖിഹോളി, ഇയാളുടെ സഹോദരനും എം.എല്‍.എയുമായ സതീഷ് ജാര്‍ഖിഹോളി എന്നിവരുമായി ഇന്നലെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസാമി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒരുമണിക്കൂര്‍ നീണ്ട യോഗത്തില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്ന് അവര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ബി.ജെ.പി നടത്തുന്ന പ്രചാരണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. ഈ രണ്ട് നേതാക്കളും കൂറുമാറിയേക്കുമെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. രമേശ് ജാര്‍ഖിഹോളി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് ഇതിന്റെ ഇടനിലക്കാരനെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ജാര്‍ഖിഹോളി സഹോദരന്മാര്‍ക്ക് 10 മുതല്‍ 12 വരെ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇവരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നത്.
ആശയപരമായി തങ്ങള്‍ക്ക് ബി.ജെ.പിയുമായി യോജിച്ച് പോകാനാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍ കര്‍ണാടക സര്‍ക്കാരിനെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രബലനും സംസ്ഥാന മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തത് കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണെന്ന അഭിപ്രായം ശക്തമാണ്. ദേശീയ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
അതിനിടയില്‍ രണ്ടാഴ്ചത്തെ യൂറോപ്യന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ, സഖ്യസര്‍ക്കാരിനെതിരേ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്ത് അധികാരവും പണവും ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി ആസൂത്രിത നീക്കം നടത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിച്ച് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമം നടത്തുന്നത് പ്രതിരോധിക്കാനുള്ള നീക്കവും നേതാക്കള്‍ നടത്തുന്നുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെ.സി വേണുഗോപാല്‍, സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. എം.എല്‍.എമാരുടെ ചുവടുമാറ്റം തടയുന്നതിനുള്ള തന്ത്രങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടത്.
ചുരുങ്ങിയത് 15 എം.എല്‍.എമാരെയെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ പര്യാപ്തമായ എം.എല്‍.എമാരുടെ എണ്ണം തികയ്ക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മുതിര്‍ന്ന ജെ.ഡി.എസ് എം.എല്‍.എ എച്ച്.കെ കുമാരസാമിക്ക് മന്ത്രിസ്ഥാനവും 30 കോടി രൂപയും ബി.ജെ.പി വാഗ്ദാനം ചെയ്തതായി അദ്ദേഹത്തിന്റെ ഭാര്യ ചഞ്ചല ആരോപിച്ചു. ഇതേ ആരോപണം കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ ചിക്കമധുവും ആരോപിച്ചിട്ടുണ്ട്.
അതേസമയം തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം റാഞ്ചാതിരിക്കാനുള്ള നീക്കം ബി.ജെ.പിയും ശക്തമാക്കിയിട്ടുണ്ട്. ചുരുങ്ങിയത് ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് മുഖ്യമന്ത്രി കുമാരസാമി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യദ്യൂരപ്പ പറഞ്ഞു. ബി.ജെ.പിയുടെ ഇടപെടലില്ലാതെ തന്നെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."