രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സമരം
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഇന്ത്യയിലൊട്ടാകെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരം നടത്തിയതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് രോഗികള്‍ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്.
കൊല്‍ക്കത്തയില്‍ ഡോക്ടര്‍ക്കെതിരേയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യമൊട്ടാകെയുള്ള ഐ.എം.എയില്‍പെട്ട ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ സമരം നടത്തിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെല്ലാം ഒ.പി രണ്ടു മണിക്കൂര്‍ നേരത്തേക്ക് ബഹിഷ്‌കരിക്കുകയായിരുന്നു. ഇതുമൂലം ഒ.പി ടിക്കറ്റുകള്‍ ലഭിച്ച രോഗികള്‍ക്കു പോലും യഥാസമയം ചികിത്സ കിട്ടിയില്ല. അത്യാഹിത വിഭാഗം, ലേബര്‍ റൂം, തീവ്ര പരിചരണ വിഭാഗം എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനമൊന്നും പല ആശുപത്രികളിലും രോഗികള്‍ക്കു ലഭ്യമായില്ല. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന കേന്ദ്രനിയമം കൊണ്ടുവരിക, ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡോക്ടര്‍മാര്‍ സമരം നടത്തിയത്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ഏഴു ദിവസമായി ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ഇന്നലെ ഡോക്ടര്‍മാരുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ സുരക്ഷ കൂട്ടാമെന്നും പരിഹാര സെല്‍ ശക്തിപ്പെടുത്താമെന്നും മമത സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ മുന്നൂറിലധികം സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ബംഗാളില്‍ രാജിവച്ചത്. ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരുദിവസം ജോലിയില്‍നിന്ന് വിട്ടുനിന്നിരുന്നു. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ തലയില്‍ ഹെല്‍മറ്റും ശരീരത്തില്‍ ബാന്റേജും ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്.
സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കുന്നതിനു പകരം ആദ്യം തന്നെ പ്രകോപനപരമായ നിലപാടുകളായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് സമരം കൂടുതല്‍ രൂക്ഷമാകാനേ ഉപകരിച്ചുള്ളൂ. അനുനയത്തിലൂടെ ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുമായിരുന്ന സമരം ഒരാഴ്ച നീണ്ടുനിന്നത് അവരുടെ പിടിവാശി കാരണമാണ്. ഒടുവില്‍ സമരക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സമ്മര്‍ദത്തിനു വഴങ്ങി ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു. ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടിവന്നത് രാജ്യത്തെ പാവപ്പെട്ട രോഗികളും.
ഡോക്ടര്‍മാരുടെ സമരത്തിനു പിന്നില്‍ ബി.ജെ.പിയും സി.പി.എമ്മും ആണെന്ന് ആരോപിച്ച് സമരത്തിന് രാഷ്ട്രീയമുഖം നല്‍കാനുള്ള അവരുടെ ശ്രമവും പരാജയപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ആരോഗ്യമേഖലയെയാകെ നിര്‍ജീവമാക്കിയിരുന്നു. യഥാസമയം ചികിത്സ കിട്ടാതെ നവജാത ശിശുവടക്കം പലരും ഈ കാലയളവില്‍ മരിച്ചു. നോര്‍ത്ത് പര്‍ഗാന ജില്ലയിലെ അഗര്‍പാരയില്‍ ആണ് നവജാതശിശു ചികിത്സകിട്ടാതെ മരണപ്പെട്ടത്.
സമരം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് വാശിപിടിച്ച മമത ഒടുവില്‍ ചര്‍യ്ച്ചക്കു സമ്മതിച്ചതും അതു തുറന്നവേദിയില്‍ വേണമെന്നും ചര്‍ച്ച സംപ്രേഷണം ചെയ്യണമെന്നുമുള്ള ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയതും കാലിനടിയില്‍ മണ്ണ് ഒലിച്ചുപോകുകയാണെന്ന ബോധ്യത്താല്‍ തന്നെയായിരിക്കണം. ജോലി ചെയ്യാന്‍ ഭയമാണെന്നും ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും മമതയുമായുള്ള ചര്‍ച്ചയ്ക്കിടെ സമരക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. ഡോക്ടര്‍മാര്‍ക്കെതിരേയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്നവര്‍ നേരത്തെതന്നെ ഉറപ്പു കൊടുത്തിരുന്നു. ഈ പക്വത നേരത്തെ അവര്‍ കാണിച്ചിരുന്നെങ്കില്‍ വലിയൊരു ജനരോഷം അവര്‍ക്ക് ഒഴിവാക്കാമായിരുന്നു. ആരോഗ്യമേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് സമവായത്തിനു തയ്യാറാകണമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനന്റെ ആവശ്യവും ദുരഭിമാനം കാരണം അവര്‍ നിരാകരിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് നിരവധി തവണയാണ് കേന്ദ്രസര്‍ക്കാര്‍ മമതയോട് വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ എതിരാളികളാണെങ്കില്‍പോലും അവരോട് മാന്യമായി പെരുമാറുന്നതില്‍ മമത വിമുഖയാണ്. ബി.ജെ.പിയുടെ ബംഗാളിലെ വളര്‍ച്ചയ്ക്കും അതു കാരണമായി. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത് ശരിക്കും അവരെ സമ്മര്‍ദത്തിലാക്കാന്‍ തന്നെയായിരുന്നു. എല്ലാവരോടും എല്ലാ സമയത്തും രോഷത്തോടെ പെരുമാറുന്നത് രാഷ്ട്രീയ തന്ത്രജ്ഞതയില്ലായ്മയാണ്. അത് ദോഷമേ ചെയ്യൂവെന്ന് ഡോക്ടര്‍മാരുടെ സമരത്തില്‍നിന്നും അവര്‍ മനസ്സിലാക്കിക്കാണും. ഇപ്പോള്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ അവര്‍ ജയിച്ചുകയറുക പ്രയാസമായിരിക്കും. എതിര്‍പ്പുകളെ അവസരങ്ങളാക്കി മാറ്റുക എന്നതാണ് രാഷ്ട്രീയ തന്ത്രജ്ഞതയുടെ മര്‍മം. അത് ഇല്ലാതെപോയതാണ് ഒരുദിവസംകൊണ്ട് തീര്‍ക്കാമായിരുന്ന ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ഇന്ത്യയൊട്ടാകെയുള്ള ഡോക്ടര്‍മാരെ സമരത്തിലേക്കെത്തിച്ചതും ഒടുവില്‍ മമതയ്ക്ക് സമരക്കാരുടെ ആവശ്യങ്ങളുടെ മുമ്പില്‍ വഴങ്ങേണ്ടിവന്നതും. തിരിച്ചടികളില്‍ രോഷാകുലയാകുകയല്ല വേണ്ടത്. സംയമനത്തോടെ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സമചിത്തത നഷ്ടപ്പെട്ടതു പോലുള്ള അവരുടെ പെരുമാറ്റങ്ങളില്‍നിന്ന് ബി.ജെ.പി മുതലെടുക്കുകയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും പാവങ്ങളായ രോഗികളുടെ ജീവന്‍വച്ച് വിലപേശുന്ന ഡോക്ടര്‍മാരുടെ സമരശൈലി ഒരിക്കലും അംഗീകരിക്കാനാവില്ല. രോഗികളായ പാവങ്ങള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ രക്ഷകരായാണ് കാണുന്നത്. അവര്‍ ശിക്ഷകരും മരണദൂതരുമായി മാറുകയാണ് ചികിത്സ നിഷേധിക്കുന്ന അവരുടെ സമരമുറകളിലൂടെ. മനുഷ്യസ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ചിത്രങ്ങളാണ് ഡോക്ടര്‍മാരെ സംബന്ധിച്ച് സാധാരണക്കാരുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നത്. എന്താവശ്യങ്ങള്‍ നേടിയെടുക്കാനാണെങ്കില്‍പോലും അത് പൊതുസമൂഹത്തിന്റെ അനുഭാവംകൂടി നേടിക്കൊണ്ടായിരിക്കണം. അല്ലാത്ത സമരങ്ങള്‍ ന്യായമായതിനാണെങ്കില്‍പോലും ജനപിന്തുണയുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."