ചോദ്യംചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നു ഹാജരാകും
കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും. രാവിലെ 10ന് കൊച്ചി തൃപ്പൂണിത്തുറയിലാണ് ചോദ്യംചെയ്യല്‍. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാകും ഫ്രാങ്കോയെ ചോദ്യം ചെയ്യുക.
നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി വിശദമായ ചോദ്യാവലിയാണു ബിഷപ്പിനായി അന്വേഷണസംഘം കരുതിയിട്ടുള്ളത്. അതിനിടെ ചോദ്യം ചെയ്യലിനുശേഷം ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണു സൂചനകള്‍. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ തിരക്കുപിടിച്ച് അറസ്റ്റിലേക്കു കടക്കുന്നത് ശരിയാവില്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്.
മൊഴിയെടുക്കുന്നതോടൊപ്പം ബിഷപ്പിനെ വൈദ്യപരിശോധനക്കു വിധേയമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പൊലിസ് തയാറാക്കുന്നുണ്ട്. ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യങ്ങള്‍ കാരണം തുടര്‍ച്ചയായി മൂന്നുദിവസമെങ്കിലും ചോദ്യംചെയ്യാനാണു അന്വേഷണസംഘം ലക്ഷ്യമിടുന്നത്. അതിനിടെ ബിഷപ്പിന്റെ സഹായികളും ജലന്ധര്‍ രൂപതയിലെ വൈദികരുമടങ്ങുന്ന സംഘം കോട്ടയത്ത് എത്തിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമവിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം രേഖപ്പെടുത്തി അന്വേഷണസംഘം മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."