ലഹരി വേട്ട: കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് ഋഷിരാജ് സിങ്
കാസര്‍കോട്: സര്‍ക്കാരിന്റെ അബ്കാരി നയം നടപ്പാക്കേണ്ടത് എക്‌സൈസ് വകുപ്പിന്റെ ചുമതലയാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുകയാണെന്നും ഇവയ്‌ക്കെതിരേ എക്‌സൈസ് വകുപ്പ് നിലപാട് കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 മാസത്തെ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
10 മാസത്തിനകം സംസ്ഥാനത്ത് 300 ടണ്‍ പാന്‍മസാലയാണ് പിടികൂടിയത്. സിന്തറ്റിക് ഗുളികകള്‍ മൂന്ന് ലക്ഷം കിലോയും പിടിച്ചു. ഇതിന്റെ പിഴയായി 11.5 കോടി രൂപ ഈടാക്കി. 12,000 ലിറ്റര്‍ മദ്യവും 21,000 ലിറ്റര്‍ അരിഷ്ടവും 1.82 ലക്ഷം ലിറ്റര്‍ വാഷും പിടികൂടിയിട്ടുണ്ട്. 4332 പേരെ ജയിലിലടച്ചു.
അതിര്‍ത്തി വഴി സഞ്ചരിക്കുന്ന ബസുകളിലെ യാത്രക്കാരിലൂടെ അഞ്ച് കിലോകളുടെ സഞ്ചികളിലായി കഞ്ചാവ് കടത്തുന്ന പുതിയ പ്രവണത എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കടത്തുകള്‍ തടയാന്‍ ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്തറെയ്ഡ് ശക്തമാക്കും.
ജൂണ്‍ 26ന് ലഹരിവര്‍ജ്യദിനം തിരുവനന്തപുരത്ത് വിപുലമായ ബോധവല്‍ക്കരണ പരിപാടികളോടെ നടത്തും. ജൂലൈ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാകുന്നതിനാല്‍ സെയില്‍സ് ടാക്‌സ് പരിശോധന ഇല്ലാതാകും.
ഇവ എക്‌സൈസ് വകുപ്പിന്റെ ചുമതലയിലാകും. വകുപ്പില്‍ 138 വനിതകളെ കൂടി നിയമിക്കാന്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."