മഹാശിലാകാല ചരിത്രം പറയുന്ന തിരുന്നാവായ
ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ ഇരുമ്പ് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ കണ്ടെത്തുകയും അക്കാലങ്ങളില്‍ അവ മനുഷ്യാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് തുടങ്ങുകയും ചെയ്ത കാലം. അതിനാല്‍ ഈ കാലത്തെ ദക്ഷിണേന്ത്യന്‍ ഭാഗങ്ങളില്‍ ഇരുമ്പുയുഗമായിട്ടാണ് ചരിത്രത്തില്‍ കണക്കാക്കുന്നത്. ഇരുമ്പുകൊണ്ടുണ്ടാക്കായ വിവിധ തരം ആയുധങ്ങള്‍, വിളക്ക്, ആണികള്‍, മുക്കാലി തുടങ്ങിയവ അക്കാലങ്ങളില്‍ ഉപയോഗിച്ചതായി കാണപ്പെടുന്നു. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ശിലായുഗത്തിന് ശേഷം ചെമ്പില്‍ നിര്‍മിച്ച പലതും കണ്ടെത്തിയതിനാല്‍ അവിടങ്ങളില്‍ ചെമ്പ് യുഗവും തുടര്‍ന്ന് വെങ്കല യുഗവും കടന്നുവന്നിട്ടുണ്ട്. കേരളമുള്‍പ്പെടുന്ന (അന്നത്തെ തമിഴകം) ഭാഗത്ത് ശിലായുഗത്തിന് ശേഷം മഹാശില കാലഘട്ടമാണ് (ഇരുമ്പ് യുഗമാണ്) ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് ചെമ്പും, വെങ്കലവും ഉപയോഗിച്ചുള്ള നിര്‍മിതികള്‍ അന്ന് ലഭിച്ചിട്ടില്ല.
അന്നും തിരുന്നാവായയുടെ മണ്ണില്‍ ജനവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ഇന്ന് തിരുന്നാവായയിലും സമീപപ്രദേശങ്ങളിലും കാണുന്ന വലിയ ചെങ്കല്ലില്‍ പണിത വിവിധ സ്മാരകങ്ങള്‍. ഇവകള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രാതീത കാലത്തെയും മറ്റും ഇത്തരം തെളിവുകള്‍ നിരീക്ഷിച്ചാണ് അന്നത്തെ ജീവിത രീതികളും സാഹചര്യങ്ങളും നമുക്ക് പഠിക്കാനാവുന്നത്. എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിന്ന് മുന്‍പാണല്ലോ ചരിത്രാതീതകാലമായി കണക്കാക്കുന്നത്.
കുഴിച്ചെടുക്കുന്ന ചരിത്രം
തൊപ്പിക്കല്ല്, കുടക്കല്ല്, പത്തിക്കല്ല് (ഹുഡ് സ്റ്റോണ്‍), കുത്ത് കല്ല് (മെന്‍ഹര്‍), മുനിയറ (ചെറിയ കല്‍ ഗുഹ), നന്നങ്ങാടികള്‍ (വലിയ മണ്‍കലം), കാല്‍ കുഴികള്‍ (പോസ്റ്റ് ഹോള്‍) തുടങ്ങിയവ ഇതില്‍പ്പെടും. ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്ന നിര്‍മിതികളാണിവയല്ലാം. ഇത്തരം നിര്‍മിതികള്‍ക്കെല്ലാം തൊട്ടടുത്ത് ലഭ്യമായ വസ്തുക്കളാണ് അവര്‍ അന്ന് ഉപയോഗിച്ചിരുന്നത്.
ഇത്തരത്തിലുള്ള ചെങ്കല്‍ സ്മാരകങ്ങള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ ഒമാനില്‍ തൊപ്പിക്കല്ലിന്റെ ചെറിയ മറ്റു രൂപങ്ങള്‍ കണ്ടെത്തിട്ടുണ്ട്. മഹാശിലാ സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം തിരുന്നാവായയില്‍ അടുത്തടുത്തായി കാണുന്നത് ചരിത്ര ഗവേഷകര്‍ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇവയുടെ നിര്‍മിതിക്കായി അവര്‍ ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരിക്കാം എന്നാണ് തെളിവുകളില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത്.
സൗത്ത് പല്ലാര്‍, കൈത്തക്കര, ചെനക്കല്‍, രണ്ടാല്‍, എടക്കുളം, കൊടക്കല്‍ തുടങ്ങിയ സമീപ സ്ഥലങ്ങളിലായി ഇത്തരം സ്മാരകങ്ങള്‍ ഇപ്പോഴും കാണാവുന്നതാണ്. ഇതില്‍ പലതും സ്വകാര്യ വക്തികളുടെ വളപ്പില്‍ തകര്‍ക്കപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നു എന്നുള്ളത് പ്രത്യേകം അഭിനന്ദനാര്‍ഹമാണ്. കുത്ത് കല്ല്, കൊടക്കല്‍, പാറക്കല്ല് തുടങ്ങിയ ഇവിടങ്ങളിലെ സ്ഥലനാമങ്ങള്‍ ഇവയില്‍ നിന്ന് രൂപപ്പെട്ടതാകാം.
നദീതട സംസ്‌കാരത്തിന്റെ ഭാഗമായി അക്കാലങ്ങളില്‍ മനുഷ്യര്‍ ജീവിത കേന്ദ്രങ്ങളായി തെരഞ്ഞടുത്തിരുന്നത് പുഴയുടെയും തടാകങ്ങളുടെയും തീരങ്ങളെയാണ്. ജീവിതാവശ്യത്തിനുള്ള വെള്ളത്തിനും അതുപയോഗിച്ചുള്ള ചെറിയ കൃഷിക്കും വേണ്ടി അക്കാലങ്ങളിലുള്ളവര്‍ നിളാ നദിക്കര ഉപയോഗപ്പെടുത്തിയിരിക്കാം.
പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ടായിരുന്ന അവര്‍ മരണപ്പെട്ടവരെ അടക്കം ചെയ്തിരുന്നതിന്റെ സ്മാരകങ്ങളാണ് ഇത്തരത്തിലുള്ള കല്‍രൂപങ്ങളെന്ന് പറയപ്പെടുന്നു. ചിലര്‍ മരണാനന്തരം മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കഴുകനും മറ്റും ഭക്ഷിച്ച ശേഷം അസ്ഥികളെടുത്ത് വലിയ മണ്‍ കുടത്തിലാക്കി (നന്നങ്ങാടികള്‍) സംസ്‌കരിക്കും. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ വയ്ക്കാന്‍ സമീപത്തുള്ള വലിയ കുന്നിന്‍പുറങ്ങളും മറ്റും ഇവര്‍ ഉപയോഗപ്പെടുത്തി. അതിന്നായി അവര്‍ കാലുകള്‍ നാട്ടാന്‍ പാറകളില്‍ കാല്‍ കുഴികള്‍ (ജീേെ വീഹല) നിര്‍മിക്കും. ഇത്തരം കാല്‍ കുഴികളും സമീപ പ്രദേശങ്ങളില്‍ കാണാവുന്നതാണ്. അതല്ല, നിത്യ ജീവിതത്തിന്റെ ഭാഗമായി മറ്റു പല ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചതാവാം ഇതെന്നും അഭിപ്രായമുണ്ട്.
ഇങ്ങനെ സംസ്‌കരിക്കുമ്പോള്‍ പുനര്‍ജന്‍മത്തില്‍ ഉപയോഗിക്കാന്‍ വേണ്ട ഭക്ഷണം, വെള്ളം, ആയുധങ്ങള്‍ തുടങ്ങിയവ മണ്‍പാത്രങ്ങളിലായി കൂടെ വയ്ക്കും. ഇത്തരത്തിലുള്ള മണ്‍കുടങ്ങള്‍ ധാരാളം ഇവിടങ്ങളില്‍ കിണര്‍ കുഴിക്കുമ്പോഴും മറ്റും ലഭിക്കാറുണ്ട്.
കഥ പറയും കല്ലുകള്‍
അന്നത്തെ മണ്‍ പാത്രങ്ങള്‍ക്ക് അകം കറുപ്പും പുറം ചുകപ്പും നിറങ്ങളിലായിട്ടാണ് (ആഹമരസ & ഞലറ ംമൃല) കാണപ്പെടുന്നത്. കൂടാതെ മിക്കതിലും അലങ്കാര വര്‍ക്കുകളും കാണാനാവുന്നതാണ്. ഇത്തരത്തിലുള്ള അലങ്കാര വര്‍ക്കുകള്‍ കഴിഞ്ഞ ദിവസം തിരുന്നാവായക്ക് സമീപം ബീരാഞ്ചിറഭാഗത്ത് നിന്നും ലഭിച്ച മണ്‍പാത്രങ്ങളിലും കാണാന്‍ കഴിഞ്ഞു. ഇതില്‍ ചിലതിന്റെ അകത്തും അലങ്കാര വര്‍ക്കുകള്‍ കാണാനിടയായി. എന്നാല്‍ പാത്രങ്ങളുടെ ഘടനകള്‍ സാമ്യമാണങ്കിലും ഇത്തരം വര്‍ക്കുകള്‍ പ്രാദേശികമായി പല വ്യത്യാസങ്ങളും കാണാനാവുന്നതാണ്.
കൂടാതെ അന്നത്തെ ഇരുമ്പായുധങ്ങളില്‍ ചിലതില്‍ മരത്തിലുള്ള പിടി, ഇരുമ്പു ചുറ്റിട്ട് ഉറപ്പിക്കുന്നത് കണ്ട് വരുന്നതിനാല്‍ മഹാശിലാസംസ്‌കാര കാലത്തു തന്നെ ഇത്തരം രീതി തുടങ്ങിയിട്ടുണ്ടെന്നാണ് ആര്‍ക്കിയോളജി വകുപ്പിന്റെ മലബാറിന്റെ ചുമതലയുള്ള ഓഫീസര്‍ കെ. കൃഷ്ണരാജിനെ പോലുള്ളവരുടെ അഭിപ്രായം. ഈ വാദത്തിന്, മുകളില്‍ പറഞ്ഞ ബീരാഞ്ചിറയില്‍ നിന്ന് ലഭിച്ച ഈ ആയുധം തെളിവു തരുന്നു.
ഇങ്ങനെ അടക്കം ചെയ്ത ഭാഗത്ത് അവരില്‍ ചിലരെ തിരിച്ചറിയുന്നതിനു വേണ്ടി മുകളിലായി അടയാളത്തിന് തൊപ്പിക്കല്ല്, കുടക്കല്ല്, നാട്ടുകല്ല് (കുത്ത് കല്ല്), കല്‍വളയം തുടങ്ങിയവ സ്ഥാപിക്കും.
ഇത്തരത്തില്‍ ചെങ്കല്ലില്‍ നിര്‍മിച്ച നാട്ടുകല്ലുകള്‍ (മെന്‍ഹര്‍) തിരുന്നാവായയിലും സമീപത്തുമായി നാലെണ്ണം കാണാവുന്നതാണ്. ഇവ നാലും കിഴക്ക്- പടിഞ്ഞാറ് മുഖമായിട്ടാണ് സ്ഥാപിച്ചിട്ടുളളത് എന്നത് ഇവയില്‍ കാണുന്ന പ്രധാന സാമ്യതയാണ്. ഏകദേശം ചതുരാകൃതിയുള്ള നാലിനും നീളവും വീതിയും വ്യത്യാസമുണ്ട്. കൈത്തക്കര കുത്ത് കല്ല്, ചെനക്കല്‍ കുത്ത് കല്ല് പറമ്പ്, രണ്ടാല്‍ കുത്ത് കല്ല്, എടക്കുളം കുന്നുംപുറം എന്നിവിടങ്ങളിലാണ് ഇവ കാണുന്നത്. പണ്ട് കൃഷിക്കും മറ്റും ഉപയോഗിച്ചിരുന്ന മൃഗങ്ങള്‍ക്ക് അവയുടെ തല ഉരസുന്നതിന്ന് വേണ്ടി നിര്‍മിച്ചതാവാം ഇവ എന്നാണ് നാട്ടുകാര്‍ പറഞ്ഞുവരുന്നത്. പ്രദേശത്തുള്ള ചിലര്‍ ഈ കല്ല് വളരുന്നുണ്ടെന്ന് വിശ്വസിക്കുന്നു. ഇവയുടെ അടുത്ത് മാലിന്യങ്ങളൊന്നും നിക്ഷേപിക്കാറില്ല.
ഇതിന്റെ ഭാഗമായ ചെങ്കല്ലില്‍ നിര്‍മിച്ച തൊപ്പിക്കല്ലുകള്‍ (ഒമ േേെീില) പല്ലാറില്‍ കാണുന്നുണ്ട്. തൊപ്പിക്കല്ലിനെ നാട്ടുകാര്‍ മൂടപ്പാറ എന്നാണ് വിളിക്കുന്നത്. അര്‍ധ വൃത്താകൃതിയില്‍ മണ്ണിനോട് ചേര്‍ന്നുകിടക്കുന്ന രീതിയിലാണ് ഇവ കാണുന്നത്. ഇതിനെ കുടക്കല്ല് എന്നും ചിലര്‍ വിളിക്കാറുണ്ട്. ഇതിന്റെ അടുത്തായിത്തന്നെ സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ അതേ ദിശയില്‍ പത്തിക്കല്ലും കാണുന്നുണ്ട് (ഒീറ േെീില). ഇതിനെ ചിലര്‍ കല്‍ വൃത്തം (ടീേില രശൃരഹല) എന്നും വിളിക്കുന്നു. ഒരു കിണര്‍ വട്ടത്തില്‍ ചതുരാകൃതിയിലുള്ള നാല് ചെങ്കല്‍ കഷ്ണങ്ങള്‍ വൃത്താകൃതിയില്‍ കുത്തിച്ചാരി വച്ച രൂപത്തിലാണിത്. ഇവയുടെ നടുവില്‍ തൊപ്പിക്കല്ല് രൂപത്തിലുള്ള ഒരു ചെങ്കല്‍ കാണുന്നുണ്ട്. ഇത് കുടക്കല്‍ തകര്‍ന്ന് വീണതാകാം എന്ന് പറയുന്നവരുമുണ്ട്. ഇവയെല്ലാം തന്നെ സ്വകാര്യ വ്യക്തികളുടെ വളപ്പില്‍ സൂക്ഷ്മതയോടെയാണ് സംരക്ഷിച്ചുപോരുന്നത്.
മുനിയറയും മരുന്നറയും
മറ്റു ചിലര്‍ ചെങ്കല്ലില്‍ ചതുരാകൃതിയിലുള്ള ചെറിയ കവാടത്തോടുകൂടി ചെറിയ ഗുഹകള്‍ സ്ഥാപിച്ച് അതില്‍ അടക്കം ചെയ്യും. അതില്‍ ചെറിയ ഒന്നോ രണ്ടോ അറകളും വേറെയും കാണാം. അതാണ് ചെറിയ കല്‍ ഗുഹകള്‍ (മുനിയറകള്‍). ഇത്തരത്തിലുള്ളത് കൊടക്കല്‍ ഭാഗത്ത് കാണാം. ഇവയുടെ മുഖം കിഴക്കോട്ടയിട്ടാണ് കാണുന്നത്. ഏകദേശം രണ്ട് മീറ്ററോളം നീളവും വീതിയും ഇവയ്ക്ക് കാണാം.
പില്‍ക്കാലത്ത് മാമാങ്കത്തില്‍ പരുക്കേല്‍ക്കുന്ന ചാവേറുകളെ ചികിത്സിക്കുന്നതിന്നായി മരുന്ന് സൂക്ഷിക്കാന്‍ ഇവ ഉപയോഗിച്ചിരുന്നു എന്നും പറയപ്പെടുന്നു. അതിനാല്‍ ഇതിനെ മരുന്നറ എന്നും വിളിക്കുന്നുണ്ട്. അടുത്ത കാലത്തായി ഇവയുടെ സമീപത്തായി മറ്റൊരു കല്‍ ഗുഹയും കണ്ടെത്തിയിരുന്നു. അതില്‍ ചില ഇരുമ്പുപകരണകളും ധാരാളം മണ്‍പാത്രങ്ങളും കാണപ്പെട്ടു.
കൂടാതെ കൊടക്കല്‍ ഓട്ട് കമ്പനി വളപ്പില്‍ ഇത്തരം നിരവധി ചരിത്ര ശേഷിപ്പുകള്‍ കണ്ടിട്ടുണ്ട്. പലതും പ്രാധാന്യം മനസിലാക്കാതെ പലരാലും നശിപ്പിക്കപ്പെട്ടു. തൊണ്ണൂറുകള്‍ക്ക് ശേഷം ഇവിടങ്ങളില്‍ ധാരാളം നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്ണെടുക്കുമ്പോള്‍ കൂടുതലായി ശിലാ സ്മാരകങ്ങള്‍ ലഭിച്ച് തുടങ്ങി. ലഭിച്ചതിലേറെ ഇനിയുമുണ്ടെന്നാണ് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാനാവുന്നത്.
എന്തുകൊണ്ട്
തിരുന്നാവായ?
തിരുന്നാവായയില്‍ അന്ന് ജനവാസം കൂടുതല്‍ കാണാന്‍ പല കാരണങ്ങളുണ്ടായിരിക്കാം. പ്രധാനമായും ഭക്ഷ്യലഭ്യതയാണ്. നദികളിലെ മത്സ്യവും കാടുകളില്‍നിന്ന് കായ്കനികളും മൃഗങ്ങളുടെ മാംസവും മറ്റുമാണ് മുഖ്യ ആഹാരം. അന്ന് ഭാരതപ്പുഴയുടെ വീതി ഇന്നുള്ളതിലും എത്രയോ കൂടുതലായിരുന്നു. പുഴ കടലിനോട് ചേരുന്നത് അടുത്ത പ്രദേശമായ പൊന്നാനിയില്‍ വച്ചാണ്. അതിനാല്‍ തന്നെ വേണ്ടുവോളം ജലവും ജലജീവികളെയും ലഭിച്ചിരിക്കാം. അതുപോലെ ഇവിടങ്ങളില്‍ കാടിന്റെ വിസ്തൃതി കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. സമീപ സ്ഥലനാമങ്ങള്‍ അതില്‍ നിന്ന് വന്നതാകാം. കാട്ടിലങ്ങാടി, മാണിയങ്കാട്, മുട്ടിക്കാട്, ബെമേങ്കാട് തുടങ്ങിയവ. മറ്റൊന്ന്, വെള്ളപ്പൊക്ക സാധ്യത കുറഞ്ഞ ഭാഗമായി ഇവിടെ അവര്‍ കണക്കാക്കിയിരിക്കാം. അതുപോലെ ചെങ്കല്ലിന്റെ സാന്നിധ്യം ഇവിടങ്ങളില്‍ കൂടുതല്‍ കാണുന്നുണ്ട്. തിരുന്നാവായയുടെ സമീപ പ്രദേശമായ തവനൂര്‍ ഭാഗത്തും ഇത്തരത്തില്‍ നിരവധി സ്മാരകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവയെ കുറിച്ചെല്ലാം പഠിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ചരിത്രാന്വേഷികള്‍ തിരുന്നാവായയില്‍ എത്താറുണ്ട്. 2018ല്‍ ജപ്പാനിലെ കാന്‍സായി യൂനിവേഴ്‌സിറ്റിയും കേരളാ യൂനിവേഴ്‌സിറ്റിയും അവരുടെ ഗവേഷണത്തിന്റെ ഭാഗമായി ഇവയെക്കുറിച്ച് പഠിക്കാന്‍ തിരുന്നാവായയില്‍ വന്നിരുന്നു. ഗതാഗത സൗകര്യം വിപുലമാകുന്നതിന് മുന്‍പ് അടുത്ത കാലം വരെ നമ്മുടെ പൂര്‍വ്വികര്‍ ചുമടേറ്റി വന്നിരുന്ന ചരക്കുകള്‍ ക്ഷീണം മാറ്റുന്നതിനായി ഇറക്കി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന അത്താണികളില്‍ (ചുമടുതാങ്ങി) ചിലത് ഇവിടങ്ങളില്‍ കാണാം. ഇവയ്ക്ക് മഹാശിലായുഗവുമായോ മറ്റോ ബന്ധമില്ലെങ്കിലും ചരിത്ര പ്രധാന്യമുള്ളവയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുമാണ് ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിക്കുന്നത്. എന്നാലും തദ്ദേശ സ്ഥാപനങ്ങള്‍ ഇവയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് അതാത് ദേശത്തുള്ളവയുടെ സംരക്ഷണത്തിന് വേണ്ട ഇടപെടല്‍ നടത്താവുന്നതാണ്.
തെറ്റായ ധാരണ
ഇത് പോലുള്ള സ്മാരക വസ്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ വളപ്പില്‍ നിന്നു ലഭിച്ചാല്‍ ആ സ്ഥലം വകുപ്പ് അധികാരികള്‍ പിടിച്ചെടുക്കും എന്ന തെറ്റായ ധാരണ നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്. അതുകാരണം പലരും ഇത്തരം അമൂല്യ സ്മാരക വസ്തുക്കള്‍ കണ്ടെത്തിയ ഉടനെ തകര്‍ത്ത് കളയുന്ന ഒരു രീതി ചിലരിലെങ്കിലും നിലനില്‍ക്കുന്നു. ഇത് നമ്മുടെ നാടിന്റെ വലിയ പൈതൃക സമ്പത്തിനെ ഇല്ലാതാക്കി ക്കളയുകയാണ്.
ഇടപെടലുകള്‍
തിരുന്നാവായ ചരിത്ര, സാംസ്‌കാരിക പൈത്യക സംരക്ഷണത്തിന് നിരവധി ഇടപെടലുകള്‍ ഇവിടങ്ങില്‍ സജീവമാണ്. ഇതില്‍ റി എക്കൗ യുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രശംസനീയമാണ്. പ്രധാനമായും സംസ്ഥാന ആര്‍ക്കിയോളജി വകുപ്പിന്റെ ശ്രമഫലമായി ഇവിടത്തെ പൊതുസ്ഥലങ്ങളിലുള്ള പല പ്രധാന സ്മാരകങ്ങളെല്ലാം ഏറ്റെടുത്ത് സംരക്ഷിക്കുകയുണ്ടായി. കൂടാതെ ഡി.ടി.പി.സി യുടെ കീഴില്‍ സംരക്ഷണത്തിന്റെ ഭാഗമായി ഒരു കെയര്‍ടേക്കറേയും ഒരു ക്ലീനിങ് സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ കെയര്‍ടേകറായി പ്രവര്‍ത്തിക്കുന്നത് ചിറക്കല്‍ ഉമ്മറാണ്.
ഇനി വേണ്ടത്
ചരിത്ര പഠനത്തില്‍ ഇവയ്‌ക്കെല്ലാമുള്ള വലിയ പ്രധാന്യത്തെക്കുറിച്ച് നാട്ടുകാരെയും യുവതലമുറയെയും ബോധ്യപ്പെടുത്തുകയും അവരിലൂടെ ഇതിന്റെ സംരക്ഷണവും വീണ്ടെടുക്കലും സാധ്യമാക്കേണ്ടതുണ്ട്. കൂടാതെ തിരുന്നാവായയെ ഒരു പൈതൃക ഗ്രാമമായി ഉടന്‍ പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഒരു സാമൂഹിക പൈതൃക സമിതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്. തിരുന്നാവായ കേന്ദ്രമാക്കി ചരിത്ര പൈതൃക മ്യൂസിയം സ്ഥാപിച്ചാല്‍ ഇവിടങ്ങളിലെ പല ചരിത്ര അവശേഷിപ്പുകളും ഇതിന്റെ കീഴിലായി സംരക്ഷിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."