വിനീതിനെ പിരിച്ചുവിടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിനെ അക്കൗണ്ട് ജനറല്‍ ഓഫിസിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ സി. ഗോപിനാഥന് കത്തയച്ചു. പ്രതിഭാ സമ്പന്നനായ ഒരു കായിക താരമെന്ന നിലയിലും, നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ സംസ്ഥാനത്തിന് അഭിമാനകരമായ വിജയം സമ്മാനിക്കുന്നതില്‍ പങ്കുവഹിച്ചയാളെന്ന നിലയിലും അദ്ദേഹത്ത ജോലിയില്‍ നിന്ന് നീക്കുന്നത് ശരിയായ നടപടിയല്ലന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെയാണ് ജോലി ലഭിച്ചത്. ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത് വിനീതിന്റെ പ്രതിഭയെ തളര്‍ത്താനും, കായിക ലോകത്ത് നിന്ന് മാറ്റി നിര്‍ത്താനും മാത്രമെ ഉതകൂവെന്നും കത്തില്‍ പറയുന്നു. വിനീത് പലതവണ നല്‍കിയ അവധി അപേക്ഷ പരിഗണിച്ചില്ലെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നറിയുന്നത്. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ കായിക താരങ്ങള്‍ക്ക് കേരളം പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും, അതു കൊണ്ട് വിനീതിനെ ജോലിയില്‍ നിന്ന് നീക്കാനുളള നീക്കം പുനഃപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.
കൃത്യമായി ജോലിക്ക് ഹാജരാകുന്നില്ലെന്ന കാരണം പറഞ്ഞാണ് സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."