ഉര്‍ദുവിനെ പ്രണയിച്ച ശമ്മു
കേരളത്തിലെ ഉര്‍ദു ഭാഷാ ചരിത്രമെഴുതുമ്പോള്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ക്കാട്ടെ എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉര്‍ദു അധ്യാപകന്‍ ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാടിന് ശ്രദ്ധേയമായൊരു സ്ഥാനമുണ്ടാവും. അറിവിനോടും ഭാഷകളോടും അനുരാഗം പുലര്‍ത്തുന്നവര്‍ക്കൊക്കെ പകുത്ത് നല്‍കാന്‍ സദാ സന്നദ്ധനാണ് അനന്യസാധാരണമായ ഭാഷാപാടവവും ഉര്‍ദുവിലുള്ള അഗാധജ്ഞാനവുമുള്ള ഡോ. കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്. ഇഷ്ടക്കാര്‍ അദ്ദേഹത്തെ ശമ്മുവെന്നു വിളിക്കും. കാവ്യാത്മകമായി ഉര്‍ദുവില്‍ എഴുതുകയും പറയുകയും ചെയ്യുന്ന ഈ മഹാപ്രതിഭയുടെ അക്ഷരങ്ങള്‍ക്കും ശബ്ദത്തിനും സര്‍വ്വകലാശാലകളിലെ പഠിതാക്കളും ഗവേഷകരും അദ്ധ്യാപകര്‍പോലും കൗതുകത്തോടെ ചെവിയോര്‍ക്കുന്നു.
ചെറുപ്പം മുതലേ തന്റെ രചനാപാടവം തെളിയിച്ച ശമ്മു അല്‍പകാലം ബോംബെയിലെ ഹിന്ദുസ്
താന്‍ ഉര്‍ദു ദിനപ്പത്രത്തിലായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും രചനകളില്‍ മിക്കതും പ്രസിദ്ധീകൃതമായത് കേരളത്തിന്റെ പുറത്താണ്.
മുംബൈയില്‍ നിന്ന്
മലയാളക്കരയില്‍
മുംബൈ മഹാനഗരത്തിന്റെ ഹൃദയത്തില്‍ ജനിച്ച്, ബാല്യം ചെലവഴിച്ച്, മലയാളത്തിന്റെ സുകൃതത്തിലേക്ക് ചേക്കേറിയ ശംസുദ്ദീന്റെ വൈജ്ഞാനിക സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. കേരളത്തില്‍ ഉര്‍ദു ഭാഷയെ ജനപ്രിയമാക്കാനും അറിവിന്‍ രത്‌നങ്ങളെ ജ്ഞാനോത്സുക സമൂഹത്തിന് നല്‍കാനും അദ്ദേഹം കാണിച്ച ഔത്സുക്യവും മെയ്‌വഴക്കവും അനുപമമാണ്. സവിശേഷമായ ഈ സിദ്ധികളുടെ മൂല്യം നിശ്ചയിക്കുക പ്രയാസം. നാളിതുവരെയും തന്നെത്തേടിയെത്തിയ അസംഖ്യം ആദരങ്ങളും പുരസ്‌കാരങ്ങളും ഇക്കാര്യം സാക്ഷ്യപ്പെടുത്തും.
അലഹാബാദ് സര്‍വ്വകലാശാലയിലെ അന്‍ജുമന്‍ റൂഹെ അദബും മുസ്‌ലിം ബോര്‍ഡിങ് ഹൗസും ചേര്‍ന്ന് നവോഥാന നായകന്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ സന്തതസഹചാരി ജംഗ് ബഹാദുര്‍ സമീഉല്ലാ ഖാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനും ഈ ഭാഷാ പണ്ഡിതന്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഉര്‍ദു ഭാഷയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഈ അംഗീകാരം.
ഭാഷാസ്‌നേഹികളുടെ ആദരം
ഇന്ത്യയുടെ വ്യത്യസ്ത സംസ്‌കാരങ്ങളെയും വിഭിന്നങ്ങളായ ആചാരാനുഷ്ഠാനങ്ങളെയും ചിന്താപ്രസ്ഥാനങ്ങളെയും കോര്‍ത്തിണക്കുന്നതില്‍ ഉര്‍ദു ഭാഷയുടെ വിശാലതയും സവിശേഷമായ ഘടനയും തന്റെ രചനകളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരമായി അദ്ദേഹം വിശദീകരിക്കാറുണ്ട്. ഉര്‍ദു ഒരിക്കലും മതാധിഷ്ഠിതമായ ഭാഷയല്ല, മതേതര ഭാഷയാണ്. അറബിയോടും പേര്‍ഷ്യനോടുമുള്ള ഉര്‍ദു ലിപിയുടെ സാമ്യതകൊണ്ട് മാത്രം ആ ഭാഷയ്ക്ക് ഒരു മതത്തിന്റെ നിറം ചാര്‍ത്തുന്നത് അജ്ഞതയും ചരിത്ര നിഷേധവുമാണെന്ന യാഥാര്‍ഥ്യം ഉര്‍ദു ഭാഷയുടെ ഈ കാവല്‍ക്കാരന്‍ വിളിച്ചു പറയുന്നു.
ജമ്മു സര്‍വകലാശാലയിലേക്ക് സെമിനാര്‍ പേപ്പര്‍ പ്രസന്റേഷനു വേണ്ടി ക്ഷണിക്കപ്പെട്ട ശമ്മുവിന്റെ ഭാഷാ നൈപുണ്യം വേള്‍ഡ് ഉര്‍ദു കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ കൂടിയായ മോഡറേറ്റര്‍ പ്രൊഫ. ഖ്വാജാ ഇക്‌റാമുദ്ദീനെ ഏറെ വിസ്മയിപ്പിച്ചു. മറ്റുള്ളവര്‍ക്കെല്ലാം സമയപരിധി നിഷ്‌കര്‍ഷിക്കപ്പെട്ടപ്പോള്‍ ശമ്മുവിന് മാത്രം അതുണ്ടായില്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ ദക്ഷിണ മുനമ്പില്‍, ഉര്‍ദു ഭാഷ വേണ്ടപോലെ വേരിറങ്ങാത്ത കേരളത്തില്‍ നിന്നുവന്നെത്തിയ, തന്റെ മുന്‍പിലുള്ള അത്ഭുത മനുഷ്യനെ, അഗാധമായ അദ്ദേഹത്തിന്റെ അറിവിനെ സമയംകൊണ്ട് ബന്ധിക്കുന്നത് അനുചിതമാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം ഒരുപക്ഷേ, മറ്റാര്‍ക്കുമില്ലാത്ത മോഡറേറ്ററുടെ ഈ ആനുകൂല്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."