സുല്‍ത്താനെ പകര്‍ത്തിയ ഗീതാകുമാരി
2017ല്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡീലിറ്റ് നല്‍കുന്ന ചടങ്ങില്‍ അദ്ദേഹം രചിച്ച പുസ്തകളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. അവിടെ നിന്നാണ് സുല്‍ത്താന്റെ രണ്ട് പുസ്തകങ്ങള്‍ യൂനിവേഴ്‌സിറ്റി ഡീനായിരുന്ന പ്രൊഫ. കെ.കെ ഗീതകുമാരിയുടെ കണ്ണിലുടക്കുന്നത്. അവര്‍ ആ പുസ്തകം ആവേശത്തോടെ വായിക്കാനായി ചോദിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന വൈസ് ചാന്‍സിലര്‍ മുഹമ്മദ് ബഷീറും ലൈബ്രേറിയനും നിങ്ങള്‍ക്കിത് വിവര്‍ത്തനം ചെയ്തുകൂടേയെന്ന് ചോദിച്ചു.
നിലവില്‍ യൂനിവേഴ്‌സിറ്റി സംസ്‌കൃതം വിഭാഗത്തിന്റെ അധ്യക്ഷയായ ഗീതകുമാരിയോട് സംസ്‌കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യാനാണ് അവര്‍ പ്രോത്സാഹനം നല്‍കിയത്. അവരുടെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സുല്‍ത്താന്റെ കള്‍ച്ചര്‍, എജ്യുക്കേഷന്‍ ആന്റ് ചെയ്ഞ്ച്, സെലക്ടഡ് സ്പീച്ചസ് എന്നീ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്‌കൃതത്തിലും
പരിഭാഷ
280 ഓളം പേജുകളുള്ള കള്‍ച്ചര്‍, എജ്യുക്കേഷന്‍ ആന്റ് ചെയ്ഞ്ച് എന്ന പുസ്തകം സംസ്‌കാരം വിദ്യാഭ്യാസം പരിവര്‍ത്തനം എന്ന പേരിലും സെലക്ടഡ് സ്പീച്ചസ് തെരഞ്ഞെടുത്ത പ്രഭാഷണങ്ങള്‍ എന്ന പേരിലും മലയാളത്തിലേക്ക് അവര്‍ പരിഭാഷപ്പെടുത്തി. പരിഭാഷപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയ വിവരം സഹപ്രവര്‍ത്തകരോട് പറഞ്ഞപ്പോള്‍ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്താത്തതെന്താ, ആ ഭാഷയിലേക്ക് അങ്ങനെ അധികം പേര്‍ പരിഭാഷപ്പെടുത്തില്ലല്ലോ എന്നായി. അങ്ങനെയാണ് വ്യാപൃത്തപ്രഭാഷണാനി എന്ന പേരില്‍ സെലക്ടഡ് സ്പീച്ചസ് സംസ്‌കൃതത്തിലേക്ക് കൂടി പരിഭാഷപ്പെടുത്തിയത്. ഇതിനിടെ ഷാര്‍ജ സുല്‍ത്താനുമായും ഷാര്‍ജയുടെ സംസ്‌കാരവുമായും ബന്ധപ്പെട്ട് എസ്.ഡി കാര്‍ണിക് എഴുതിയ സുല്‍ത്താന്‍ എ ട്രൂ ലീഡര്‍ ഓഫ് ദിസ് പീരീഡ്, സുല്‍ത്താന്‍ ഓഫ് കള്‍ച്ചര്‍ എന്നീ പുസ്തകങ്ങളും സുല്‍ത്താന്‍ അസ്മൃതേയ കാലസ്യ യഥാര്‍ഥ നായകയ്യ്യഹ, സംസ്‌കൃതേഹി സൂല്‍ത്താന എന്ന പേരുകളില്‍ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ഷാര്‍ജ സുല്‍ത്താനുമായി ബന്ധപ്പെട്ട അഞ്ച് പരിഭാഷകളാണ് കെ.കെ ഗീതകുമാരിയുടെ പുതുതൂലികയില്‍ നിന്ന് വിരിഞ്ഞത്. അതില്‍ മൂന്നെണ്ണം സംസ്‌കൃതവും.
നിരാശയും സന്തോഷവും
2018 ല്‍ തന്നെ വിവര്‍ത്തനം പൂര്‍ത്തിയായെങ്കിലും സുല്‍ത്താന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരണം നടന്നില്ല. കഴിഞ്ഞ വര്‍ഷവും പ്രസിദ്ധീകരണം നടക്കാതെ നിരാശയിലായി. ഒടുവില്‍ ഈ വര്‍ഷത്തെ ഷാര്‍ജ ബുക്ക്‌ഫെയറിന് മുന്നോടിയായി ലിപി പബ്ലിക്കേഷന്‍ മേധാവി അക്ബര്‍ മുന്‍കൈയെടുത്താണ് അനുമതി തേടിയത്. ഗ്രന്ഥകര്‍ത്താവിന്റെ തന്നെ കയ്യൊപ്പോടെ കെ.കെ ഗീതകുമാരിക്ക് പ്രസിദ്ധീകരണത്തിനുള്ള അനുമതി ലഭിച്ചു. അനുമതി നല്‍കി മാറിനില്‍ക്കുകയല്ല സുല്‍ത്താന്‍ ചെയ്തതെന്നും ഓരോഘട്ടത്തിലും കവര്‍ ഡിസൈനിലുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരീക്ഷണമുണ്ടായിരുന്നെന്നും പരിഭാഷക പറയുന്നു. എസ്.ഡി കാര്‍ണിക്കിന്റെ പുസ്തകങ്ങളുടെ പരിഭാഷയുടെ പ്രസിദ്ധീകരണത്തിന് ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്.
സുല്‍ത്താന്റെ സന്ദേശം
കള്‍ച്ചര്‍, എജ്യുക്കേഷന്‍ ആന്റ് ചെയ്ഞ്ച് എന്ന പുസ്തകത്തില്‍ വിദ്യാഭ്യാസം കൊണ്ടുവന്ന മാറ്റങ്ങളുള്‍പ്പെടെയാണ് പ്രതിപാദിക്കുന്നത്. സുല്‍ത്താന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയപ്പോള്‍ നടത്തിയ പ്രഭാഷങ്ങളാണ് സെലക്ടഡ് സ്പീച്ചസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു മതസ്ഥന്‍ മറ്റൊരു മതസ്ഥനോട് കാണിക്കേണ്ട സഹിഷ്ണുതയും മാനുഷിക സ്‌നേഹവുമൊക്കെ സുല്‍ത്താന്റെ വാക്കുകളില്‍ കാണാമായിരുന്നെന്ന് കെ.കെ ഗീതകുമാരി പറയുന്നു. ഒരു സാധാരണക്കാരിയായ തനിക്ക് ഇത്ര വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ഷാര്‍ജ ബുക്ക് ഫെയറില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടാന്‍ പോകുമ്പോള്‍ അവര്‍ക്ക് പങ്കുവയ്ക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."