ചെന്നൈയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; ഐ.ടി കമ്പനികള്‍ തൊഴില്‍ പുനഃക്രമീകരിച്ചു
ചെന്നൈ: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ചെന്നൈയില്‍ ഐ.ടി മേഖലയിലെ തൊഴില്‍ സമയങ്ങള്‍ പുനഃക്രമീകരിച്ചു. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവ ഭക്ഷണം ഉണ്ടാക്കുന്നത് നിര്‍ത്തുകയും ചില സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചെന്നൈ നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന പൂണ്ടി, ചോലാവരം, ചെമ്പരമ്പാക്കം എന്നീ റിസര്‍വോയറുകള്‍ ഏറെക്കുറെ വറ്റിവരണ്ടിരിക്കുകയാണ്.
നഗരത്തിലെ പഴയ മഹാബലിപുരം റോഡാണ് തമിഴ്‌നാട്ടിലെ ഐ.ടി ഇടനാഴി എന്ന പേരില്‍ അറിയപ്പെടുന്നത്. ചെറുതും വലുതുമായ ഐ.ടി കമ്പനികള്‍ ജീവനക്കാരോട് അവരുടെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 650 ഐ.ടി, ഐ.ടി അനുബന്ധ സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതിനിടയില്‍ ചില ഐ.ടി ജീവനക്കാരെ കമ്പനിയുടെ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 20,000ഓളം ജീവനക്കാര്‍ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.
പ്രതിദിനം വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 60 ശതമാനത്തോളം ഉപഭോഗം നടക്കുന്നത് ഐ.ടി മേഖലയിലാണ്. 4,000 വാട്ടര്‍ ടാങ്കുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന് ഐ.ടി എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ടി. ഭരണീധരന്‍ അറിയിച്ചു. അതേസമയം, ഐ.ടി മേഖലയില്‍ ജോലി പുനഃക്രമീകരിച്ചുവെന്ന വാര്‍ത്ത സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസ്.പി വേലുമണി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."