മുഖ്യമന്ത്രി മമത വിളിച്ച ചര്‍ച്ച വിജയം; ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
കൊല്‍ക്കത്ത: രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദിച്ച സംഭവത്തില്‍ പ. ബംഗാളിലെ ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടനയും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സമരം നിര്‍ത്താന്‍ ധാരണയായത്.
ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ പ്രതിനിധികളായി യോഗത്തില്‍ പങ്കെടുത്ത 31 ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടാകുന്ന അക്രമം തടയുന്നതിനായി 10 ഇന സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും മമത ഡോക്ടര്‍മാരെ അറിയിച്ചു.
കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതാണ് സമരത്തിന് കാരണമായത്.
സമരം നടത്തുന്ന ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ ഇന്നലെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ സമരം നടത്തിയത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. അത്യാഹിത വിഭാഗം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. പല സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികള്‍ അടക്കം സമരത്തില്‍ സജീവമായി പങ്കെടുത്തത് രോഗികളെ വലച്ചു.
ഇന്നലെ മൂന്നിനാണ് മുഖ്യമന്ത്രി മമത ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച തുടങ്ങിയത്. യോഗത്തില്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗികളുടെ ബന്ധുക്കളില്‍ നിന്നുണ്ടാകുന്ന അക്രമം തടയുന്നതിനുവേണ്ടിയാണ് ഇതെന്നും മമത വ്യക്തമാക്കി.
അടിയന്തര വിഭാഗങ്ങളില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഉറപ്പാക്കുക.
ഒരു സമയം ഒരു രോഗിയുടെ രണ്ട് ബന്ധുക്കളെ മാത്രമേ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കൂ. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച് ബന്ധുക്കളെ ഔദ്യോഗികമായി തന്നെ ഓരോ ആശുപത്രികളും അറിയിക്കും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഉന്നത പൊലിസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കാനും ചര്‍ച്ചയില്‍ ധാരണയായി. രോഗികളുടെ ബന്ധുക്കള്‍ അനധികൃതമായി ആശുപത്രിക്കുള്ളില്‍ കടന്ന് അക്രമത്തിന് ശ്രമിക്കുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ സംബന്ധിച്ച കൊല്‍ക്കത്ത പൊലിസ് കമ്മിഷനര്‍ അനൂജ് ശര്‍മ അറിയിച്ചു.
ചര്‍ച്ചയില്‍ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് ചര്‍ച്ച തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കി.
ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ച വന്‍വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിഷമകരമായ സാഹചര്യത്തില്‍ സമരത്തിന് തയാറായ ഡോക്ടര്‍മാര്‍, ചര്‍ച്ചക്കുശേഷം സംതൃപ്തരായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്ക് കത്തെഴുതാന്‍ മടിക്കേണ്ടതില്ലെന്നും അവര്‍ ജൂനിയര്‍ ഡോക്ടര്‍മാരെ അറിയിച്ചു.
അതിനിടയില്‍ എന്‍.ആര്‍.എസ് ആശുപത്രിയില്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത് ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."