ദുരന്തങ്ങളില്‍ വീണു പോവാതെ മുന്നോട്ട് കുതിച്ചവന്‍ അനുഭവ സമ്പന്നന്‍...ലോകത്തിന്റെ നെറുകയിലേക്ക് ബൈഡന്‍ നടന്നു കയറിയതിങ്ങനെ
അമേരിക്കയില്‍ തന്നെ ഏറ്റവും പരിചയ സമ്പന്നയായ പൊതുപ്രവര്‍ത്തകന്‍. കലുഷിതമായ ആഗോള രാഷ്ട്രീയത്തില്‍ 1972 മുതല്‍ അമേരിക്ക എടുത്ത തീരുമാനങ്ങളിലെല്ലാം പങ്കാളി. അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ബറാക് ഒബാമയുടെ വിശ്വസ്തന്‍. ഡൊണാള്‍ഡ് ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി നടന്ന കാലം മുതല്‍ അമേരിക്കയുടെ സെനറ്റില്‍. പ്രസിഡന്റാകാന്‍ ഇതിലും വലിയൊരു യോഗ്യത കണ്ടെത്താനാവില്ല ഇനി. അനുഭവത്തിന്റെ മഹാസമുദ്രം തന്നെയാണ് അദ്ദേഹം അമേരിക്കന്‍ രാഷ്ട്രീയത്തില്‍.
1970ല്‍ ആരംഭിച്ചതാണ് ജോ ബൈഡന്റെ ഡമോക്രാറ്റിക് പ്രവര്‍ത്തനം. പാര്‍ട്ടികള്‍ മാറി മാറി ട്രംപ് സഞ്ചരിച്ചപ്പോഴും ഒറ്റപ്പാര്‍ട്ടിയില്‍ അടിയുറച്ചു നിന്നവന്‍. 1972ല്‍ സെനറ്റ് അംഗം. ആ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബൈഡന്‍. രണ്ട് നൂറ്റാണ്ട് പിന്നിട്ട സെനറ്റ് ചരിത്രത്തില്‍ മറ്റ് അഞ്ചു പേര്‍ മാത്രമേ ഈ പ്രായത്തില്‍ അവിടെ എത്തിയിട്ടുള്ളു.
പ്രസിഡന്റ് സ്ഥാനത്തേക്കും ആദ്യമായല്ല ബൈഡന്റെ പേര് ഉയര്‍ന്നു വരുന്നത്. 1988ല്‍ 44ാം വയസ്സില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയായി ബൈഡന്‍ പ്രചാരണം നടത്തി. എന്നാല്‍ അത്തവണ മൈക്കല്‍ ഡ്യുക്കാറ്റിസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാവുകയും സീനിയര്‍ ബുഷിനോട് തോല്‍ക്കുകയും ചെയ്തു. പിന്നീട് 2008ലാണ് ബൈഡന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്നത്. ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹുദൂരം മുന്നിലെത്തിയപ്പോള്‍ ബൈഡനെ വൈസ് പ്രസിഡന്റായി ഒപ്പം കൂട്ടി. പിന്നീടുള്ള എട്ടു വര്‍ഷവും ബറാക് ഒബാമയുടെ വിശ്വസ്തനായ വൈസ് പ്രസിഡന്റായി ഭരണ പങ്കാളിത്തം.
ജോബൈഡന്റെ ഭരണ മികവ് വാഴ്ത്തപ്പെടുന്നത് ഒറ്റക്കാര്യത്തിലാണ്. 2008ല്‍ ഒബാമ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു ലോകത്തെ മുക്കിയ ആഗോള സാമ്പത്തിക മാന്ദ്യം. അന്ന് വൈസപ്രസിഡന്റെന്ന നിലയില്‍ ജോ ബൈഡന്‍ കൈക്കൊണ്ട നടപടികളാണ് ഒബാമ സര്‍ക്കാറിന് രണ്ടാമൂഴത്തിലേക്ക് വഴി നടത്തിയത്. ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും വേഗതയില്‍ അമേരിക്ക മടങ്ങി വന്നത് ജോബൈഡന്റെ നയതീരുമാനങ്ങള്‍ മൂലമാണെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ എത്ര പാളിയാലും ഇളകാത്ത മനസ്സാണ് ബൈഡന്റെ കൈമുതല്‍. ചാഞ്ചല്യമില്ലാത നിലപാടുകളാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ബൈഡനെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നത്.
ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍
ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയര്‍ എന്നാണ്. ജോ ബൈഡന്റെ ശരിയായ പേര്. 1942 ല്‍ പെന്‍സില്‍വാനിയ സംസ്ഥാനത്തെ സ്‌ക്രാന്റണിലാണ് ജനിച്ചത്. കാതറിന്‍ യൂജീനിയ ഫിന്നെഗന്‍ ബൈഡന്റെയും ,ജോസഫ് റോബിനെറ്റ് ബൈഡന്‍ സീനിയറിന്റെയും നാല് മക്കളില്‍ മൂത്തവനാണ് ജോ ബൈഡന്‍. ജോയ്ക്ക് 10 വയസ്സുള്ളപ്പോള്‍, ബൈഡന്‍ കുടുംബം ഡെലവെയറിലേക്ക് താമസം മാറി. പിന്നീട് ഡെലവെയര്‍ സര്‍വകലാശാലയില്‍ നിന്നും ജോ ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. ശേഷം സിറാക്കൂസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജോ കുറച്ച് നാള്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. കോളജില്‍ പഠിക്കുമ്പോള്‍ കേട്ട ജോണ്‍ എഫ്. കെന്നഡിയുടെ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്ക് തിരിയാന്‍ പ്രചോദനം ആയത്.
സിറാക്കൂസ് സര്‍വകലാശാലയില്‍ കൂടെ പഠിച്ച നീലിയ ഹണ്ടറാണ് ജോ ബൈഡന്റെ ആദ്യ ഭാര്യ. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളും ഉണ്ടായി: ഹണ്ടര്‍, ബോ, നയോമി. ആദ്യ ഭാര്യയുടെ മരണത്തിന് ശേഷം
1977ല്‍ ബൈഡന്‍ ജില്‍ ബൈഡനെ വിവാഹം കഴിച്ചു. ഇതില്‍ ആഷ് ലി എന്ന കുട്ടി ജനിച്ചു.
ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം
29ാമത്തെ വയസ്സില്‍ സെനറ്റിലെത്തി. പക്ഷേ സത്യപ്രതിജ്ഞ ചെയ്തത് ആശുപത്രിയിലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ ക്രിസ്മസ് ട്രീ വാങ്ങാന്‍ കാറില്‍പോവുകയായിരുന്നു ബൈഡന്റെ ഭാര്യ നീലിയയും മക്കളും. കാര്‍ ട്രക്കിലിടിച്ച് ഭാര്യയും മകളും മരിച്ചു. രണ്ട് മക്കള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. ഈ സംഭവത്തോടെ വിഷാദ രോഗത്തിലേക്ക് ആണ്ടുപോയി ബൈഡന്‍.
1987ല്‍ പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി. പക്ഷേ പ്രസംഗം മോഷ്ടിച്ചു എന്ന ആരോപണത്തില്‍ തട്ടി ആ പ്രതീക്ഷ. 2007ലും പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കി. ഒടുവില്‍ ഒബാമക്കായി പിന്മാറി. ഒടുവില്‍ ഒബാമ തന്റെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. അതോടെ ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന്‍ മാറി.
ദുരന്തങ്ങള്‍ പിന്നെയും ബൈഡനെ തേടിയെത്തി. 2015ല്‍ മകന്‍ ബ്യൂ ബൈഡന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു.
ചരിത്രനിയോഗം പോലെ ഈ സ്ഥാനാരോഹണം
ഒടുവില്‍ ചരിത്ര നിയോഗമായി അമേരിക്കയുടെ പ്രസിഡന്റാവുകയാണ് ബൈഡന്‍. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്‍. ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് തന്റെ ആദ്യ അഭിസംബോധനയില്‍ ബൈഡന്‍ അമേരിക്കന്‍ ജനതക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ഭിന്നിപ്പിന്റെയല്ല, ഐക്യത്തിന്റെ അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണാധികാരിയാവുമെന്ന് അദ്ദേഹം അമേരിക്കന്‍ ജനതക്ക് ഉറപ്പു നല്‍കുന്നു. കറുത്തവരും വെളുത്തവരുമില്ലെന്ന് നീലയും ചുവപ്പുമില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. അതിന്റെ തെളിവാണ് വൈസ്പ്രസിഡന്റായി കറുത്തവര്‍ഡഗക്കാരിയെന്ന ലേബലുള്ള ഒരു വനിതയെ അദ്ദേഹം തെരഞ്ഞെടുത്തത്. മുസ്‌ലിം ജനത ഇനി രാജ്യത്ത് അധിക്ഷേപവും വിവേചനവും നേരിടില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
ട്രംപിനെ തോല്‍പ്പിച്ച് അമേരിക്കയുടെ ആത്മാവ് തിരിച്ചുപിടിക്കുക എന്നാണ് അദ്ദേഹം ജനങ്ങളോട് പറയുന്നത്. ട്രംപ് വഴിതിരിച്ചുകൊണ്ടുപോയ അമേരിക്കയെ തിരികെ നടത്തുവാന്‍ ബൈഡനാകുമോ എന്ന് വരും നാളുകളിലറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."