വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ കണക്കില്ലെന്ന് വനം വകുപ്പ്
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിലെ കടുവകളുടെ കണക്കില്ലെന്ന വിചിത്രവാദവുമായി വനം വകുപ്പ്.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കടുവകള്‍ അധിവസിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിലാണന്ന് വനം വകുപ്പുതന്നെ ഉറപ്പിച്ചു പറയുന്നതിനിടെയാണ് കണക്കറിയില്ലെന്നും പറയുന്നത്.
വിവരാവകാശ നിയമ പ്രകാരം ചെതലയത്തെ സാമൂഹ്യ പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദിന്റെ ചോദ്യത്തിനാണ് കണക്കില്ലന്ന് വനം വകുപ്പ് മറുപടി നല്‍കിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട്, മുത്തങ്ങ, തോല്‍പ്പെട്ടി എന്നീ റെയ്ഞ്ചുകളില്‍ 2005 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എത്ര കടുവകള്‍, പുള്ളിപ്പുലി, കരടി എന്നിവയുണ്ടെന്നായിരുന്നു ചോദ്യം.
ഈ ചോദ്യത്തിന് ഇക്കാലയളവില്‍ പുള്ളിപ്പുലിയുടെയും കരടിയുടെയും സെന്‍സസ് നടത്തിയിട്ടില്ലെന്നും 2014, 2018 വര്‍ഷങ്ങളില്‍ കടുവയുടെ സെന്‍സസ് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നടത്തിയെന്നും എന്നാല്‍ റെയ്ഞ്ച് തിരിച്ചുള്ള കണക്ക് ലഭ്യമല്ലന്നാണ് വനം വകുപ്പ് മറുപടി നല്‍കിയത്.കഴിഞ്ഞദിവസം ബീനാച്ചിയില്‍ ജനവാസ കേന്ദ്രത്തില്‍ അമ്മയും രണ്ടു കുട്ടികളുമടക്കം മൂന്ന് കടുവകള്‍ ഇറങ്ങിയിരുന്നു. കൂടാതെ ഒരാഴ്ച മുമ്പ് പുല്‍പ്പള്ളി ചീയമ്പം മേഖലയില്‍ നിന്നു കടുവയെ കൂടുവച്ച് പിടികൂടി തിരുവനന്തപുരം നെയ്യാറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഈ കടുവയെ വയനാട് വന്യജീവിസങ്കേതത്തില്‍ നേരത്തെ ലൊക്കേറ്റ് ചെയ്തതാണന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തില്‍ കണക്കുകള്‍ വനം വകുപ്പിന്റെ പക്കലുള്ളപ്പോഴാണ് കണക്കുകള്‍ കൈവശമില്ലന്ന് വിചിത്രവാദവുമായി എത്തിയിരിക്കുന്നത്. വനം വകുപ്പിന്റെ മറുപടി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കുഞ്ഞുമുഹമ്മദ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."