സംവരണ അട്ടിമറി: ഒപ്പ് ശേഖരണം വെള്ളിയാഴ്ച
കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരേ സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 10ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. നവംബര്‍ 13ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം പള്ളികളില്‍ വച്ചാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്.
സാമ്പത്തിക സംവരണത്തിന്റെ മറവില്‍ പിന്നോക്ക വിഭാഗങ്ങളെ പൂര്‍ണമായും അവഗണിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് ഒപ്പുശേഖരിക്കുന്നത്. വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ സംവരണ വിഭാഗങ്ങളുടെ അവസരങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കേരള ജനസംഖ്യയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രമുള്ളവര്‍ക്ക് വേണ്ടി എല്ലാ വിഭാഗങ്ങളിലും 10 ശതമാനം സംവരണമേര്‍പ്പെടുത്തുകയും പതിറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന പിന്നോക്കക്കാര്‍ക്ക് വിവിധ തസ്തികകളില്‍ രണ്ടും മൂന്നും ശതമാനം മാത്രം നല്‍കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. ജനസംഖ്യയില്‍ 27 ശതമാനമുള്ള മുസ്‌ലിം വിഭാഗത്തിന് അനുവദിക്കപ്പെട്ട 12 ശതമാനം സംവരണം എല്ലാ മേഖലയിലും ഒരു പോലെ ലഭിക്കുന്നില്ല. ഈ കുറവ് അടിയന്തിരമായി പരിഹരിക്കണം. ഈഴവരുള്‍പ്പെടെയുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളും ഈ അനീതി അനുഭവിക്കുന്നുണ്ട്. നേരത്തെ തന്നെ പിന്നോക്ക വിഭാഗങ്ങളെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ഇപ്പോഴും അതേ നയം തുടരുകയും ചെയ്യുന്ന സര്‍ക്കാരും ഭരണ, പ്രതിപക്ഷ നിരകളിലെ വിവിധ രാഷ്ട്രീയ സംഘടനകളും ഈ അനീതിക്ക് കൂട്ടുനില്‍ക്കരുതെന്ന് യോഗം അഭ്യര്‍ഥിച്ചു. നവംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ ജില്ലാതല സമസ്ത സംവരണ സംരക്ഷണ സമിതി രൂപീകരണം നടത്താന്‍ തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."