അഴിമതി കണ്ടെത്താനുള്ള ആഭ്യന്തര പരിശോധന അട്ടിമറിച്ച് 43 വകുപ്പുകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ ധന വിനിയോഗത്തിലെ അഴിമതി കണ്ടെത്താന്‍ നടത്തുന്ന ആഭ്യന്തര പരിശോധന സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ അട്ടിമറിച്ചു. 43 വകുപ്പുകളാണു ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടും ആഭ്യന്തര പരിശോധന നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാത്തത്.
പൊലിസ്, പൊതുമരാമത്ത്, ഗ്രാമവികസനം, കായികം, അര്‍ബന്‍ അഫയേഴ്‌സ്, എന്‍ക്വയറി കമ്മിഷണറേറ്റ്, ന്യൂനപക്ഷ ക്ഷേമം, ക്ഷീര വികസനം, ഇറിഗേഷന്‍, ടൂറിസം, സാംസ്‌കാരികം, പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും, പിന്നാക്ക സമുദായ വികസനം, കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോട്ട് ട്രിബ്യൂണല്‍, സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, ആയൂര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍, കയര്‍ വികസന എംപ്ലോയ്‌മെന്റ് സര്‍വിസ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കീര്‍ത്താഡ്‌സ്, ഫിഷറീസ്, മൈനിങ് ആന്‍ഡ് ജിയോളജി, എന്‍.സി.സി, പി.ആര്‍.ഡി, പ്രിന്റിങ്, സൈനിക ക്ഷേമം, ജി.എസ്.ടി, ഹാന്‍ഡക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഹൈഡ്രോ ഗ്രാഫിക് സര്‍വേ, ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, പ്രോസിക്യൂഷന്‍ ഡയരക്ടറേറ്റ്, എച്ച്.ആര്‍ ആന്‍ഡ ്‌സി.ഇ, ധനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ട്രഷറി തുടങ്ങിയ വകുപ്പുകളാണു അന്വേഷണം അട്ടിമറിച്ചത്.
ആഭ്യന്തര പരിശോധനകള്‍ നടത്തണമെന്നു ധനകാര്യ വകുപ്പ് ഉത്തരവു സഹിതം കഴിഞ്ഞ ഏപ്രില്‍ 20ന് വകുപ്പു മേധാവികള്‍ക്ക് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുമരാമത്ത്, ലീഗല്‍ മെട്രോളജി, ഇറിഗേഷന്‍, മൈനിങ് ആന്‍ഡ് ജിയോളജി, പൊലിസ്, പരിസ്ഥിതി കാലാവസ്ഥ, എന്‍ട്രന്‍സ് കമ്മിഷണറേറ്റും ആഭ്യന്തര പരിശോധന നടത്തിയിട്ടു വര്‍ഷങ്ങളായി.
അഴിമതി ഇല്ലാതാക്കാന്‍ എല്ലാ വകുപ്പുകളും ആഭ്യന്തര പരിശോധനക്കു പ്രത്യേക ടീമിനെ നിയോഗിക്കണമെന്നുള്ള ധന വകുപ്പിന്റെ നിര്‍ദേശവും കടലാസില്‍ തന്നെയാണ്. അതേ സമയം, ധന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ പരിശോധനാ വിഭാഗം എല്ലാ വകുപ്പുകളിലും പരിശോധന നടത്തി അഴിമതിയും സാമ്പത്തിക തിരിമറിയും കണ്ടെത്തി നടപടി ശുപാര്‍ശ ചെയ്യുന്നുവെങ്കിലും വകുപ്പു മേധാവികള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ധനകാര്യ പരിശോധനാ വിഭാഗം കുറ്റക്കാരെന്നു കണ്ടെത്തിയ 209 പേരില്‍ ഇതുവരെ നടപടിയെടുത്തത് 23 പേര്‍ക്കെതിരേ മാത്രമാണ്. ക്രമക്കേടു കാട്ടിയ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്നതായി ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയിരിക്കുകയാണ്. കൂടുതല്‍ ക്രമക്കേടു കണ്ടെത്തിയത് പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പുകളിലാണ്. എന്നാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാനായി വീണ്ടും അന്വേഷണം നടത്താന്‍ തുടങ്ങിയതോടെയാണു പരാതിയുമായി ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."