സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്
കൊല വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍
കായംകുളം: വനിതാ സിവില്‍ പൊലിസ് ഉദ്യോഗസ്ഥയായ സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പൊലിസുകാരനായ പ്രതി അജാസിന്റെ മൊഴി. പ്രണയനൈരാശ്യമാണ് കൊലയ്ക്കു കാരണമെന്നും സൗമ്യ നിരന്തരം തന്നെ അവഗണിച്ചിരുന്നതായും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്കി. സൗമ്യയെ വടിവാള്‍ കൊണ്ട് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അജാസിന്റെ മൊഴി ഞാറാഴ്ച രാത്രിയാണ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കിയിട്ടുണ്ട്.
ശരീരത്തില്‍ 50 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനകാരണമെന്നാണ് മജിസ്ട്രേറ്റിന് നല്കിയ മൊഴി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി. വള്ളിക്കുന്നത്ത് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായിരുന്നു സൗമ്യ. പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ സൗമ്യയെ കാറില്‍ പിന്തുടര്ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തി. അജാസിനെ കണ്ട് ഭയന്ന സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുള്ള വീടിന് മുന്നില്‍ വച്ച് അജാസ് ഇവരെ വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."