നീലമലനിരകള്‍ക്ക് ചാരുതയേകി കുറിഞ്ഞി വസന്തം
മസിനഗുഡി: നീലഗിരിക്ക് ചാരുതയേകി മൂന്നിടങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തു. നീലഗിരിയുടെ മൂന്ന് ദിക്കുകളിലായാണ് കുറിഞ്ഞി പൂത്തുവിടര്‍ന്നത്. മസിനഗുഡി-ഊട്ടി റോഡില്‍ കല്ലട്ടി ചുരത്തിലെ എട്ടാം വളവിന് സമീപത്തെ മലയടിവാരത്തിലും മഞ്ചൂരിന് സമീപത്തെ കുന്തായിലും കോത്തഗിരിയിലുമാണ് കുറിഞ്ഞി പൂക്കള്‍ വിടര്‍ന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന ഈ കാഴ്ച കാണാന്‍ ധാരാളം സഞ്ചാരികളാണ് മൂന്നിടങ്ങളിലുമായി എത്തുന്നത്.
കല്ലട്ടിയില്‍ രണ്ട് മാസത്തോളമായി നീലക്കുറിഞ്ഞി പൂത്തിട്ട്്. പശ്ചിമഘട്ടമലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളിലാണ് സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്ര നാമമുള്ള നീലക്കുറിഞ്ഞി കാണപ്പെടുന്നത്. പൂവിട്ട് പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത് പാകമാകുന്നത്. എന്നാല്‍ സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുക്കുന്നത് വനംവകുപ്പിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ്. പത്ത് മാസമെടുത്ത് വിത്താവേണ്ട പൂക്കളാണ് ഭംഗി കണ്ട് സഞ്ചാരികള്‍ ഒടിച്ചെടുത്ത് കൊണ്ടു പോകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മലയടിവാരത്തിലെ കാലാവസ്ഥയിലല്ലാതെ മറ്റെവിടെയും ഇവ വളരുകയോ പുഷ്പിക്കുകയോ ചെയ്യില്ല. കുറിഞ്ഞി പൂക്കള്‍ പറിച്ചാല്‍ ഭീമമായ തുക പിഴയീടാക്കാനുള്ള നടപടികള്‍ വനം വകുപ്പും ആലോചിക്കുന്നുണ്ട്.
നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലര്‍ ഈ പൂക്കള്‍ മുരുകന് കാഴ്ചയായി അര്‍പ്പിക്കുന്നുണ്ട്. ചെടിക്കോ പൂവിനോ ഔഷധ ഗുണമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ പൂക്കാലം കഴിഞ്ഞ് അല്‍പനാളുകള്‍ക്കു ശേഷം ഇവയില്‍ നിന്ന് ചില ആദിവാസി വിഭാഗക്കാര്‍ തേന്‍ ശേഖരിക്കാറുണ്ട്. ആദിവാസി വിഭാഗമായ തോടര്‍ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. 12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838ലാണ് കണ്ടുപിടിച്ചത്. മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി പഠനങ്ങള്‍ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന് നിശ്ചയിച്ചത്. ജര്‍മന്‍ സംഘാംഗമായിരുന്ന കുന്തിന്റെ പേരില്‍ നിന്നാണ് കുന്തിയാന എന്ന പേര് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."