അടച്ചുറപ്പുള്ള വീടിനായി സീമയുടെ കാത്തിരിപ്പ്
ആലക്കോട്: ഏതു സമയവും നിലം പൊത്താവുന്ന പ്ലാസ്റ്റിക് കൊണ്ട് മറച്ച കുടിലില്‍ രോഗിയായ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം പേടിയോടെ അന്തിയുറങ്ങേണ്ട അവസ്ഥയിലാണ് കരിങ്കയം മഞ്ഞക്കാട്ടെ കൊച്ചുപറമ്പില്‍ സീമ എന്ന വീട്ടമ്മ. ടാപ്പിങ് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് സുരേന്ദ്രന് മാറാരോഗം പിടിപെട്ടതോടെ കൂലിപണിക്കു പോയാണ് സീമ കുടുംബം പുലര്‍ത്തുന്നത്. മൂത്തമകള്‍ സുവര്‍ണ പ്ലസ്ടു ജയിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസത്തിനായി കോളജില്‍ ചേര്‍ക്കണമെങ്കില്‍ അതിനുള്ള സാമ്പത്തികമില്ല. മകന്‍ സുധീഷ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൂന്നു വര്‍ഷം മുമ്പ് വയറു വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സുരേന്ദ്രന് മാറാരോഗം പിടിപെട്ടത്. മരുന്നു മാറി കുത്തിവച്ചതിനെ തുടര്‍ന്ന് കുടലിലെ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുകയായിരുന്നു.
അടച്ചുറപ്പുള്ള വാതിലുകള്‍ പോലുമില്ലാത്തതിനാല്‍ പ്രായപൂര്‍ത്തിയായ മകളെ തനിച്ചാക്കി പണിക്കു പോകാനും സീമയ്ക്കു ഭയമാണ്. മഴപെയ്താല്‍ മുവുവനും ചോര്‍ന്നൊലിക്കും. കുത്തനെയുള്ള ഇടവഴിയില്‍ കൂടി 300 മീറ്റര്‍ ദൂരം നടന്നാണ് കുടിവെള്ളം പോലും വീട്ടിലെത്തിക്കുന്നത്.
അടച്ചുറപ്പുള്ളൊരു വീടിനായി സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."