കേസെടുക്കാന്‍ തയാറാകാതെ പൊലിസ്
മര്‍ദനത്തിനിരയായത് മേപ്പയൂരില്‍ വച്ച്
കോഴിക്കോട്: മുന്‍ സി.പി.എം നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സി.ഒ.ടി നസീറിന് തലശേരിയില്‍ വച്ച് വെട്ടേറ്റ സംഭവത്തില്‍ പൊലിസ് ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്ന ആരോപണം ഉയരുന്നതിനിടെ, മുന്‍പ് നസീര്‍ അക്രമത്തിനിരയായ സംഭവത്തില്‍ കേസുപോലും എടുത്തിട്ടില്ലെന്ന വിവരം പുറത്ത്.
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരിക്കെ കലാശക്കൊട്ട് ദിനത്തില്‍ മേപ്പയൂരില്‍ വച്ച് നസീര്‍ അക്രമത്തിനിരയായ സംഭവത്തിലാണ് പരാതി നല്കി രണ്ടു മാസം കഴിഞ്ഞിട്ടും കേസെടുക്കാത്തത്. തന്നെ മര്‍ദിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നസീര്‍ അന്നു തന്നെ മേപ്പയൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നസീര്‍ പറഞ്ഞു. ശത്രുക്കളോടെന്ന പോലെയാണ് പൊലിസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 18ന് തലശേരിയില്‍ വച്ച് നസീറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ തലശേരി എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍ ഷംസീറിനു പങ്കുണ്ടെന്ന് ആരോപിച്ച് നസീര്‍ പരാതി നല്‍കിയിട്ടും ഇതുവരെ എം.എല്‍.എയെ ചോദ്യം ചെയ്യാനോ ഇതേക്കുറിച്ച് അന്വേഷണം നടത്താനോ പൊലിസ് തയാറായിട്ടില്ല. അക്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ല. ഇതിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരവെയാണ് മുന്‍പ് നസീര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്ത പൊലിസിന്റെ നടപടി വിവാദമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."