കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്. 126 റഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കുപകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി ആരോപിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ശത്രുരാജ്യങ്ങളില്‍നിന്നുള്ള ഭീഷണി നേരിടാന്‍ വ്യോമസേന ആവശ്യപ്പെട്ടതുപ്രകാരമാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ആരോടും ചര്‍ച്ചചെയ്യാതെയാണ് ഫ്രാന്‍സില്‍ പോയി മോദി വിമാനങ്ങളുടെ എണ്ണം കുറച്ചതെന്ന് ആന്റണി ആരോപിച്ചു.
നേരത്തെ വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിനിടെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയായിരുന്നു ആന്റണിയുടെ വാര്‍ത്താസമ്മേളനം. 2007ലാണ് യു.പി.എ സര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചത്.
ഇന്ത്യയുടെ താല്‍പര്യത്തിന് അനുകൂലമായി കരാര്‍ തീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കവെയാണു തുടര്‍ന്നു വന്ന മോദി സര്‍ക്കാര്‍ അത് അട്ടിമറിച്ചതെന്നും ആന്റണി ആരോപിച്ചു.
പ്രതിരോധ ഇടപാടുകളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ല. ചര്‍ച്ച അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കവെ അതീവ ഗൗരവമുള്ള ഇക്കാര്യങ്ങളെല്ലാം തീര്‍പ്പാക്കാതെയാണ് 2015 ഏപ്രിലില്‍ മോദി ഫ്രാന്‍സില്‍ പോയി കരാറില്‍ ഒപ്പിടുന്നതും വിമാനത്തിന്റെ എണ്ണം 36 ആയി കുറച്ചതും, ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജ്യര്‍ (ഡി.പി.പി) പ്രകാരം പ്രതിരോധ മന്ത്രിയാണ് ഡിഫന്‍സ് അക്ക്യുസിഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍. കര, വ്യോമ, നാവിക, തീര സേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, പ്രതിരോധ ധനകാര്യ സെക്രട്ടറി, പ്രതിരോധ ഗവേഷണ സമിതി (ഡി.ആര്‍.ഡി.ഒ) മേധാവി, പ്രതിരോധ നിര്‍മാണ സെക്രട്ടറി എന്നിവര്‍ ഇതില്‍ അംഗങ്ങളാണ്. ഈ സമിതിക്കു മാത്രമേ ടെന്‍ഡര്‍ തീര്‍പ്പാക്കാന്‍ അധികാരമുള്ളൂ. മോദിയുടെ തീരുമാനം ഇതിന്റെ ലംഘനമാണ്. വിമാനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയത് ആരാണ്? യു.പി.എ സര്‍ക്കാരിനെക്കാള്‍ വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത്? ആന്റണി ചോദിച്ചു.
സാങ്കേതിക കൈമാറ്റമാണ് യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച കരാറിലെ പ്രധാന ഇനം. ഇത് ഇപ്പോഴത്തെ കരാറിലില്ല. സാങ്കേതികവിദ്യയും മറ്റുമില്ലെങ്കില്‍ വിമാനത്തിന്റെ വില കുറയണം.
36 വിമാനവും ഫ്രാന്‍സില്‍ തന്നെ നിര്‍മിക്കുന്നതിനാല്‍ വീണ്ടും വില കുറയണം. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെ 526.10 കോടിക്കാണ് ഒരു വിമാനം വാങ്ങാന്‍ ധാരണയാക്കിയത്. അങ്ങനെ വന്നാല്‍ 36 വിമാനത്തിന് 18,940 കോടിയാണു വരിക. എന്നാല്‍ മോദി ഒരു വിമാനം വാങ്ങുന്നത് സാങ്കേതികവിദ്യയില്ലാതെ 1670.70 കോടി നല്‍കിയാണ്. അതായത് 36 വിമാനത്തിന് 60,145 കോടി. 41,205 കോടിയാണ് അധികമായി ചെലവിടുന്നത്. റഫേല്‍ ഇടപാട് സംബന്ധിച്ച മുഴുവന്‍ സത്യാവസ്ഥയും പുറത്തുകൊണ്ടുവരുന്നതിനു സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. ജെ.പി.സി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നു വ്യക്തമാണെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."