വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി
കേസ് മാറ്റുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല
കൊച്ചി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്നു സുപ്രിംകോടതിയുടെ വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് മാറ്റുന്നതിനെ കോടതിയില്‍ എതിര്‍ത്തു.
സി.ബി.ഐക്ക് കേസില്‍ പ്രത്യേക താല്‍പര്യമുള്ളതുകൊണ്ടാണ് വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെടുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച കേസുകള്‍ സി.ബി.ഐ പ്രത്യേക കോടതികളില്‍ മാത്രമേ വിചാരണ നടത്തിയിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കൊലപാതക കേസുകള്‍ പരിഗണിക്കാനുള്ള അധികാരം തലശേരി സെഷന്‍സ് കോടതിക്കുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചില്ല.
2012 ഫെബ്രുവരി 20നു കണ്ണൂര്‍ ജില്ലയിലെ അരിയില്‍ വച്ച് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ സഞ്ചരിച്ച വാഹനം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്നു ഷുക്കൂറിനെ കീഴറയില്‍ സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിലെ രേഖകള്‍ എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റും. തുടര്‍ന്നു മേല്‍ നടപടികള്‍ക്കായി എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്കു കൈമാറും. സംസ്ഥാന പൊലിസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതി വിധിക്കെതിരേ കേസിലെ പ്രതികള്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 33 പ്രതികളാണുള്ളത്. കേരള പൊലിസിന്റെ അന്വേഷണത്തില്‍ ജയരാജനും ടി.വി രാജേഷും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരേ ഗൂഢാലോചന കുറ്റം കൂടി ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."