ഏഴ് വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
ആലപ്പുഴ: 64ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറുമായ സി. അജോയ്, എ.എം. നൗഫല്‍, പി.സി. റോയി പാലത്ര, എം. ശ്രീകുമാരന്‍ തമ്പി, പി. ഹംസ, എസ്.എ. അബ്ദുള്‍സലാം ലബ്ബ, ധനോജ് മാനുവല്‍, ഹരികുമാര്‍ വാലേത്ത്, രമേശന്‍ ചെമ്മാപറമ്പില്‍, കെ. നാസര്‍, എ.എന്‍. പുരം ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജലമേളയ്ക്ക് ഇന്നലെ ഏഴു വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 33 ആയി. ഇന്നലെ രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളവും നാലു തെക്കനോടി(വനിത) വള്ളവും ഒരു ചുരുളന്‍ വള്ളവും രജിസ്്റ്റര്‍ ചെയ്തു.
വള്ളം ഉടമയുടെ സമ്മതപത്രം, ക്ലബിന്റെ ലെറ്റര്‍ഹെഡിലുള്ള അറിയിപ്പ്, സത്യവാങ്മൂലം, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. അതേ സമയം, വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നാളെ വൈകിട്ട് അഞ്ചുവരെ നീട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് അവസാനിക്കാനിരുന്ന രജിസ്‌ട്രേഷന്‍ ചുണ്ടന്‍ വള്ളം ഉടമ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് തീയതി നീട്ടിയത്. ക്യാപ്റ്റന്‍സ് ക്ലീനിക്ക് ജൂലൈ 29ന് രാവിലെ 10നും ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പ് ജൂലൈ 29ന് ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും.
വള്ളംകളിക്ക് മുന്നോടിയായി ജൂലൈ 28ന് നടത്താനിരുന്ന ക്യാപ്റ്റന്‍സ് മീറ്റിങ് ജൂലൈ 29ലേക്ക് മാറ്റി. രാവിലെ 11ന് ആലപ്പുഴ മുല്ലയ്ക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപമുളള പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ വച്ചാണ് മീറ്റിങ് നടക്കുക. ഈ വര്‍ഷത്തെ ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും നിര്‍ദ്ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. ജലോത്സവത്തിന് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വളളങ്ങളുടെയും കളിവളളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറും എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനറുമായ ആര്‍. രേഖ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."