കമല ഹാരിസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സോണിയ ഗാന്ധി കത്തയച്ചു
ന്യൂഡല്‍ഹി: അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. വൈകാതെ കമല ഹാരിസിനെ ഇന്ത്യയില്‍ വെച്ച് സ്വീകരിക്കാന്‍ കഴിയുമെന്ന് സോണിയ പ്രതീക്ഷ പങ്ക് വെച്ചു.
കമലയുടെ വിജയം അമേരിക്കന്‍ ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യം, സാമൂഹിക നീതി, വംശീയലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണെന്നും കറുത്ത വര്‍ഗക്കാര്‍ക്കും അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കും ഇത് വലിയ വിജയമാണെന്നും അവര്‍ കത്തിലൂടെ അറിയിച്ചു.
''വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുന്നതിനായി താങ്കള്‍ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കള്‍ ശക്തിപ്പെടുത്തുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങള്‍ക്കുമായി താങ്കള്‍ നിലകൊള്ളും. അധികം വൈകാതെ ഇന്ത്യയില്‍ വെച്ച് താങ്കളെ സ്വീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. താങ്കള്‍ വലിയ രാജ്യത്തെ നേതാവ് മാത്രമല്ല, ഇന്ത്യയുടെ പ്രിയപ്പെട്ട മകള്‍ കൂടിയാണ്'' സോണിയാ ഗാന്ധി കമലക്കയച്ച കത്തില്‍ പറഞ്ഞു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സോണിയ അഭിനന്ദനക്കത്ത് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."