റെയ്‌ലു കട്ടാസ്: സര്‍ഫറസിനെതിരേ വിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍
ഇസ്‌ലാമാബാദ്: റെയ്‌ലു കട്ടാസ് അഥവാ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലി മൃഗങ്ങള്‍. ഇന്ത്യയോടുള്ള മത്സരത്തിനു മുന്‍പേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് ടീമിനായി ട്വീറ്റ് ടെയ്ത നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു, റെയ്‌ലു കട്ടാസിനെ ടീമിലെടുക്കരുതെന്നത്.
സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും പരിഗണിക്കണമെന്നും റെയ്‌ലു കട്ടാസിനെ പോലുള്ളവര്‍ സമ്മര്‍ദ നിമിഷത്തില്‍ തിളങ്ങില്ലാ എന്നുമായിരുന്നു ഇമ്രാന്റെ നിര്‍ദേശങ്ങളില്‍ ഒന്ന്. ഈ നിര്‍ദേശങ്ങള്‍ മാത്രമല്ല നിര്‍ണായകമായേക്കാവുന്ന പല നിര്‍ദേശങ്ങളും മുന്‍ പാക് ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ മുന്നോട്ടുവച്ചിരുന്നു.
ട്വീറ്റില്‍ സര്‍ഫറസ് അഹമ്മദിനെ അഭിനന്ദിച്ച ഇമ്രാന്‍ഖാന്‍ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായകമായ ടോസ് ജയിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റന്റെ തീരുമാനത്തെ ഞെട്ടലോടെയും അതിശയത്തോടെയുമാണ് പാക് ആരാധകരും മുന്‍താരങ്ങളും കണ്ടത്.
മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും പൊരുതി നോക്കാതെ പാകിസ്താന്‍ വീഴുകയും ചെയ്തതോടെ ഇമ്രാന്റെ ട്വീറ്റും സര്‍ഫറസിന്റെ ചെയ്തിയും ചര്‍ച്ചാവിഷയമാവുകയാണ്.
പാക് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ചെവികൊള്ളാതെ പോയ പാക് ക്യാപ്റ്റന്‍ സര്‍ഫറസ് അഹമ്മദ് ആ റെയ്‌ലു കട്ടാസ് ആണോ എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം.
ഇന്ത്യയോടുള്ള മത്സരത്തില്‍ പാകിസ്താന്‍ തോറ്റതോടു കൂടി ക്യാപ്റ്റന്‍ സര്‍ഫറസ് അഹമ്മദിനു നേരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളുടെ പൊങ്കാലയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് മുന്‍ പാക് ബൗളര്‍ ഷോയിബ് അക്തറിന്റെ പ്രതികരണമാണ്. ടോസ് നേടിയിട്ടും ബാറ്റ്‌ചെയ്യാന്‍ മടിച്ച സര്‍ഫറസിനെതിരേ ശക്തമയി പ്രതികരിച്ചിരിക്കുകയാണ് അക്തര്‍. വെളിവില്ലാത്ത ക്യാപ്റ്റന്‍ എന്നാണ് സര്‍ഫറസിനെ അക്തര്‍ വിശേഷിപ്പിച്ചത്.
പാകിസ്താന്റെ ശക്തി ബൗളിങിലാണെന്നും ആദ്യം ബാറ്റ് ചെയ്ത് 260 റണ്‍സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ ബൗളിങ് പ്രതിരോധം കൊണ്ട് ജയിക്കാമായിരുന്നുവെന്നും അക്തര്‍ വിലയിരുത്തുന്നു. 2017 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ അബദ്ധത്തിന്റെ തനിയാവര്‍ത്തനമാണ് കഴിഞ്ഞ മത്സരത്തില്‍ കണ്ടതെന്നും അക്തര്‍ പറഞ്ഞു. മറ്റൊരു താരം ഹസന്‍ അലിക്കെതിരേയും അക്തര്‍ രംഗത്തുവന്നു. 2018ല്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനെ നോക്കി ഡാന്‍സ് കളിച്ചു തുള്ളിച്ചാടിയ ആവേശം കളിക്കളത്തില്‍ കണ്ടില്ലെന്നാണ് അക്തറിന്റ വിമര്‍ശനം.
അതേസമയം, ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ പുകഴ്ത്തി പാക് മുന്‍ ക്യാപ്റ്റന്‍ അഫ്രീദിയും രംഗത്തുവന്നു.
കളിയുടെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിലും പാകിസ്താനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേതെന്ന് അഫ്രീദി വിലയിരുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവാരം അത്യുന്നതിയിലാണ്. ബി.സി.സി.ഐയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മികവിന്റെ പ്രധാന കാരണം ഐ.പി.എല്‍ ആണെന്നും പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും അവരുടെ കഴിവ് വികസിപ്പിക്കുന്നതിലും ഐ.പി.എല്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."