പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി; ആദ്യ അവധിക്കാല അധ്യാപക പരിശീലന ക്ലാസുകള്‍ക്ക് സമാപനം
കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ആദ്യ അവധിക്കാല അധ്യാപക പരിശീലന ക്ലാസുകള്‍ക്ക് സമാപനം. മുന്‍ വര്‍ഷങ്ങളില്‍ വ്യത്യസ്തമായി ഇത്തവണ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് എട്ട് ദിവസത്തെ പഠന-പരിശീലന ക്ലാസുകളാണ് നല്‍കിയത്.സര്‍വ ശിക്ഷാ അഭിയാന്‍(എസ്.എസ്.എ)യും കേരള വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ.ടി)ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ അധ്യാപക പരിശീലന ക്ലാസുകള്‍ നടന്നത്. സംസ്ഥാനത്ത് ആയിരത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടക് ആക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് ഐ.ടി ക്ക് പ്രാധാന്യം നല്‍കിയത്. മുന്‍വര്‍ഷങ്ങളില്‍ ഗണിതം,ഭാഷ,പരിസര പഠനം,ഇംഗ്ലീഷ് എന്നിവയിലൂന്നിയുള്ള പരിശീലനമാണ് നല്‍കിയിരുന്നത്. ഇതിന് വ്യത്യസ്തമായി എല്‍.പി.തലത്തില്‍ കലാ വിദ്യാഭ്യാസം,പ്രവൃത്തിപരിചയം,ആരോഗ്യ-കായിക വിദ്യാഭ്യാസം എന്നിവയില്‍ ഊന്നല്‍ നല്‍കിയും പരിശീലനം നല്‍കി. എല്‍.പി തലങ്ങളില്‍ സ്‌പെഷലിസ്റ്റ് അധ്യാപക തസ്തികകള്‍ ഇല്ലാത്തതിനാലാണിത്.
പഠന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ കലാ-കായിക-പ്രവൃത്തി പരിചയ -ഐ.ടി എന്നിവ കോര്‍ത്തിണക്കി കൊണ്ടുള്ള പുതിയ ബോധന രീതിയാണ് ഇത്തവണ പരിശീലനത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. ഏപ്രില്‍ പകുതിയോടെ ആരംഭിച്ച അധ്യാപക പരിശീലനം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നടന്നത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും,അധ്യാപകരുടെ എണ്ണവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
കേരളത്തില്‍ ഏറ്റവും വലിയ ഉപജില്ലകളായ മലപ്പുറം ജില്ലയിലെ വേങ്ങര, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ മൂന്നാം ഘട്ടത്തിലാണ് ഇന്നലെ പരിശീലനം സമാപിച്ചത്. സംസ്ഥാനത്ത് ഭൂരിഭാഗം അധ്യാപകര്‍ക്കും ഇതോടെ പരിശീനം ലഭിച്ചു കഴിഞ്ഞതായും ഇനിയും പരിശീലനം ലഭിക്കാത്തവര്‍ക്കായി ജില്ലാ തലത്തില്‍ ലൂസേഴ്‌സ് പരിശീലനം ഉണ്ടാകുമെന്നും എസ്.എസ്.എ അധികൃതര്‍ അറിയിച്ചു.
സംസ്ഥാന-ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് ഗ്രൂപ്പ് (ആര്‍.പി)അംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."