ലൗ ജിഹാദ്: വിവാഹത്തിനുവേണ്ടി മതപരിവര്‍ത്തനം കുറ്റകരമാക്കുന്ന നിയമ നിര്‍മാണം ഉടനെന്ന് ബി.എസ്. യെദിയൂരപ്പ
ബംഗളൂരു: വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം കുറ്റകരമാക്കുന്ന നിയമ നിര്‍മാണം ഉടനെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. 'ലൗ ജിഹാദ്' ആരോപിച്ച് വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം കര്‍ണാടകയില്‍ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം യെദിയൂരപ്പ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നിർമാണ നടപടികള്‍ വേഗത്തിലാക്കിയത്.
നേതാക്കളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. 'ലൗ ജിഹാദ്' നടക്കുന്നതിനാലാണ് വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്നതിനായുള്ള നിയമ നിര്‍മാണത്തിന് ആലോചിക്കന്നത്. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
വിവാഹത്തിനുവേണ്ടി മതം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന അലഹബാദ് ഹൈകോടതിയുടെ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുശേഷമാണ് ഇതിനായി പ്രത്യേക നിയമനിര്‍മാണത്തിന് കര്‍ണാടക ശ്രമിക്കുന്നത്. അതേസമയം, ഇതിനെതിരെ പ്രതിപക്ഷം രംഗതെത്തി വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.
ലൗ ജിഹാദ് എന്ന വാക്കോ അത്തരമൊരു കാര്യമോ നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് യെദിയൂരപ്പ അതിനെതിരെ നിയമനിര്‍മാണം നടത്തുകയെന്നും സിദ്ധരാമയ്യ ചോദിച്ചു. അലഹബാദ് ഹൈകോടതി വിധിയെ ബി.ജെ.പി തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മിശ്രവിവാഹം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും കര്‍ണാടകയെ പോലൊരു സംസ്ഥാനം യു.പിയെ മാതൃകയാക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശും ഹരിയാനയും മധ്യപ്രദേശും ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."