കനലില്‍ ഉരുകുന്നു ജീവിതം
കക്കട്ടില്‍: പവന് 420 രൂപ വിലയുള്ളപ്പോള്‍ കക്കട്ട് ടൗണില്‍ സ്വര്‍ണപ്പണി ആരംഭിച്ചതാണ് എം.എന്‍ കണാരന്‍. എട്ടാമത്തെ വയസില്‍ കല്ലിന്റെ മോതിരം കെട്ടിത്തുടങ്ങി. വര്‍ഷങ്ങള്‍ക്കിപ്പുറവും സഹോദരനും മക്കളുമെല്ലാം ഇതേ തൊഴിലാണു ചെയ്യുന്നത്. എന്നാല്‍ ഇനിയെത്ര കാലം ഈ തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്നു കണാരന് ഒരുറപ്പുമില്ല.
വന്‍കിട സ്വര്‍ണവ്യാപാരികളുടെ വരവോടെയാണ് ഈ വിഭാഗം കുലത്തൊഴിലില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. കൈതൊഴില്‍ മാറി യന്ത്രവല്‍ക്കരണം വ്യാപകമായതോടെ തൊഴില്‍ കുറഞ്ഞതിനാല്‍ പുതുതായി ആരും ഈ മേഖലയിലേക്കു കടന്നുവരുന്നില്ലെന്നു കണാരന്‍ പറയുന്നു.
ഉള്ളവര്‍ തന്നെ വേണ്ടത്ര പണിയും വരുമാനവുമില്ലാതെ പ്രയാസത്തിലാണ്. പഴയ മോഡല്‍ കമ്മല്‍, വള തുടങ്ങിയവക്ക് വല്ലപ്പോഴും പഴയ തലമുറയില്‍പെട്ട ചിലര്‍ വരുന്നതല്ലാതെ മറ്റു സ്വര്‍ണപ്പണികളും കുറവാണ്. കല്ലുമോതിരം ഉണ്ടാക്കാന്‍ ആളുകള്‍ വരുന്നതു മാത്രമാണ് കണാരനെ പോലുള്ളവരുടെ വരുമാനമാര്‍ഗമിപ്പോള്‍.
യന്ത്രവല്‍ക്കരണവും കൂണുപോലെ ജ്വല്ലറികളും നാട്ടിന്‍പുറങ്ങളിലും വ്യാപകമായതോടെ കണാരനെ പോലുള്ള സ്വര്‍ണപ്പണിക്കാര്‍ വിസ്മൃതിയിലാവുകയാണ്. പണ്ടുകാലത്തു വെള്ളി, സ്വര്‍ണം എന്നിവ ഉപയോഗിച്ച് താലിമാല, പാദസരം മുതല്‍ പൊന്നരഞ്ഞാണം വരെ കൈതൊഴിലിന്റെ ഭാഗമായി നിര്‍മിച്ചുനല്‍കിയ ഇവര്‍ക്കിപ്പോള്‍ കാര്യമായ പണിയൊന്നുമില്ല.
മധുകുന്ന് തൈക്കണ്ടിയില്‍ നാലു സെന്റ് സ്ഥലത്ത് ഇത്രയും കാലത്തെ അധ്വാനം കൊണ്ട് കെട്ടിപ്പൊക്കിയ വീട് കഴിഞ്ഞവര്‍ഷത്തെ കാറ്റിലും മഴയിലും നിലംപൊത്തിയിട്ട് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചുവെന്നല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലന്ന സങ്കടം ഉള്ളിലൊതുക്കി മകളുടെ വീട്ടില്‍ കഴിയുകയാണ് 76കാരനായ കണാരന്‍. സ്വര്‍ണവില അന്‍പത് ഇരട്ടി വര്‍ധിച്ചുവെങ്കിലും പരമ്പരാഗത സ്വര്‍ണ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാണെന്ന് കണാരന്റെ ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജ്വല്ലറികളില്‍ ഏതു ഡിസൈനിലും ഭരണങ്ങള്‍ ലഭിക്കുന്നതിനാലും താരതമ്യേന കൂലി കുറവായതിനാലുമാണ് ആവശ്യക്കാര്‍ പരമ്പരാഗത സ്വര്‍ണപ്പണിക്കാരെ കൈയൊഴിഞ്ഞ് ജ്വല്ലറികളെ ആശ്രയിക്കാന്‍ തുടങ്ങിയത്. നാലു പതിറ്റാണ്ടിലേറെയാണ് ഈ മേഖലയില്‍ ജോലിചെയ്യുന്ന പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ക്ക് ഇനിയും ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സര്‍ക്കാരിന്റെ സഹായം കൂടിയേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."