വിജിലന്‍സിന് രണ്ടു ഡയറക്ടര്‍മാരുള്ളതായി മുഖ്യമന്ത്രി
തിരുവനന്തപുരം: വിജിലന്‍സില്‍ രണ്ടു ഡയറക്ടര്‍മാര്‍ ഉള്ളതായി മുഖ്യമന്ത്രി. ഡി.ജി.പിമാരായ ജേക്കബ് തോമസും ലോക്‌നാഥ് ബെഹ്‌റയുമാണ് ഡയറക്ടര്‍മാരായി തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം രേഖാമൂലം നിയമസഭയില്‍ പറഞ്ഞത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ല. അദ്ദേഹം ഒരു മാസത്തെ ആര്‍ജിതഅവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ജേക്കബ് തോമസ് അവധിയില്‍ പോയതെന്നും പിണറായി നിയമസഭയില്‍ വ്യക്തമാക്കി.
പി. അബ്ദുല്‍ ഹമീദിന്റെ ചോദ്യത്തിനാണ് ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ് ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നതായാണ് കത്തില്‍ പറഞ്ഞത്. ഹൈക്കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷവും കണക്കിലെടുത്തായിരുന്നു നടപടി. അന്ന് പൊലിസ് മേധാവി സ്ഥാനത്തുണ്ടായിരുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടായി താല്‍ക്കാലികമായി സര്‍ക്കാര്‍ നിയമിക്കുകയുംചെയ്തു.
പിന്നീട് ടി.പി സെന്‍കുമാര്‍ പൊലിസ് മേധാവിയായപ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കി. ഈ ഉത്തരവില്‍ ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ച് യാതൊരു വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നില്ല.സാധാരണ ഉത്തരവിറങ്ങുമ്പോള്‍ നിലവില്‍ തസ്തികയിലിരിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയതാണെന്ന് ഉത്തരവില്‍ പറയാറുണ്ട്. എന്നാല്‍ ബെഹ്‌റയുടെ ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി സ്ഥാനമേറ്റപ്പോള്‍ ജേക്കബ് തോമസ് സുഹൃത്തുക്കളോട് പറഞ്ഞത് ടി.വി കണ്ടപ്പോള്‍ തന്റെ കസേരയില്‍ ആരോ വന്നിരിക്കുന്നുവെന്നാണ്. ഈ മാസം 30വരെയാണ് ജേക്കബ് തോമസ് അവധിയെടുത്തിരിക്കുന്നത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തുമെന്ന സൂചനയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയത്. അതേ സമയം, രണ്ടു മാസം കൊണ്ട് ജേക്കബ് തോമസ് തന്റെ സര്‍വിസ് സ്‌റ്റോറി പൂര്‍ത്തിയാക്കി. കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം 22ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനംചെയ്യും.
പുസ്തകത്തില്‍ തന്റെ സര്‍വിസ് കാലത്തെ രാഷ്ട്രീയക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നുണ്ടെന്നാണ് ജേക്കബ് തോമസ് പറയുന്നത്.
250 പേജുള്ള പുസ്തകം ഇറങ്ങുന്നതിനു മുന്‍പ് തന്നെ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."