കൊല്ലപ്പെട്ട കെവിന്റെ ഗതി തന്റെ മകന് ഉണ്ടാകരുതെന്ന അപേക്ഷയുമായി ഷേര്‍ളി
കൊച്ചി: അതിദാരുണമായി കൊല്ലപ്പെട്ട കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ഗതി തന്റെ മകനുണ്ടാകരുതെന്ന അപേക്ഷയുമായി ഒരമ്മ. മാനന്തവാടി തുറുവേലി കുന്നേല്‍ ജോര്‍ജിന്റെ ഭാര്യ ഷേര്‍ളിയാണ് തന്റെ മകന്‍ ഷെബിന്‍ ജോര്‍ജിനെ മകനോടൊപ്പം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി രംഗത്തെത്തിയത്.
ഷെബിനും മാനന്തവാടി വട്ടക്കുടിയില്‍ ഫെലിക്‌സിന്റെ മകളായ അശ്വതി ഫെലിക്‌സും രണ്ടു വര്‍ഷക്കാലമായി പ്രണയത്തിലാണ്. സാമ്പത്തികമായ അന്തരത്തിന്റെ പേരില്‍ അശ്വതിയുടെ വീട്ടുകാരില്‍നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത്. അതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഷെബിനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുന്നതിനായി അശ്വതിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയെ തുടര്‍ന്ന് ഇരുവരും എറണാകുളത്തേക്ക് വരികയായിരുന്നു. എന്നാല്‍ അശ്വതിയുടെ പിതാവും പിതാവിന്റെ സഹോദരപുത്രനും ഇവിടെയെത്തി ഇവരെ ആക്രമിച്ചു.
സംസാരിക്കാനെന്ന് പറഞ്ഞ് ഇവരെ ഒരു റെസ്റ്ററന്റിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷമാണ് ഇരുവരും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയും കാറില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയും ചെയ്തത്. അശ്വതിയുടെ ദേഹത്ത് മുറിവുണ്ടാക്കി. തുടര്‍ന്ന് പരാതി പറയുന്നതിനായി പാലാരിവട്ടം എസ്.ഐയെ സമീപിച്ചപ്പോള്‍ മോശമായാണ് പെരുമാറിയതെന്നും ഇവര്‍ അറിയിച്ചു.
ആശുപത്രിയില്‍ എത്തിയ പൊലിസ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിന് പകരം പരാതി പറഞ്ഞ അമ്മയെ മുറിയില്‍നിന്ന് ഇറക്കി വിടുകയും അശ്വതിയോട് മിണ്ടാതിരിക്കന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് ഷെബിന്‍ പറഞ്ഞു.
24ന് മാനന്തവാടിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു. കെവിന്റെ ഗതി തന്റെ മകന് സംഭവിച്ചാല്‍ തന്റെ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും ഷേര്‍ളി പറഞ്ഞു. അശ്വതിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."