കൊട്ടാരക്കരയില്‍ ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍
കൊട്ടാരക്കര: ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം കൊട്ടാരക്കര നഗരസഭയില്‍ അവതാളത്തില്‍. രോഗ നിയന്ത്രണത്തിനായുള്ള സൗജന്യ മരുന്നു വിതരണം നടക്കുന്നില്ലെന്നും പരാതിയുണ്ട്.
കൊട്ടാരക്കര പഞ്ചായത്ത് ആയിരുന്നപ്പോള്‍ നെടുമണ്‍കാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും കൊട്ടാരക്കര താലൂക്കാശുപത്രിയും വഴിയായിരുന്നു രോഗികള്‍ക്ക് സൗജന്യ മരുന്ന് നല്‍കിയിരുന്നത്. രണ്ടിടത്തും ജീവിത ശൈലി രോഗക്ലിനിക്കും പ്രവര്‍ത്തിച്ചിരുന്നു. കൊട്ടാരക്കര നഗരസഭയായി മാറിയതിനു പിന്നാലെ ജനപ്രതിനിധികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് രണ്ടിടത്തായി കിടന്ന ജീവിത ശൈലി രോഗ ക്ലിനിക് കഴിഞ്ഞമാസം പൂര്‍ണമായും കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. നൂറോളം രോഗികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ എണ്ണം ആഴ്ചതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതാതു വാര്‍ഡുകളിലെയോ പ്രദേശങ്ങളിലെയോ ഹെല്‍ത്തു സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ ആ കാര്‍ഡുമായി ജീവിത ശൈലി രോഗ ക്ലിനിക്കുകളില്‍ എത്തിയാല്‍ മാത്രമേ സൗജന്യ മരുന്നുകള്‍ ലഭിക്കുകയുള്ളൂ.
വ്യാഴാഴ്ചയാണ് ഇവിടെ ക്ലിനിക്കിന്റെ പ്രവര്‍നത്തനം. നഗരസഭയിലെ 29 വാര്‍ഡിലേയും ജീവിത ശൈലി രോഗികള്‍ക്കായി ഈ ഒരു ദിവസം മാത്രമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ക്ലിനിക്കിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയെന്ന് രോഗികള്‍ പറയുന്നു. 13 തരം മരുന്നുകളാണ് രോഗികള്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോള്‍ പല മരുന്നുകളും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
നെടുമണ്‍കാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ക്കായിരുന്നു മുന്‍സിപ്പാലിറ്റിയിലെ 22 വാര്‍ഡിലെ ജീവിത ശൈലി രോഗികളുടെ ചുമതല. ഇവര്‍ക്കാവശ്യമുള്ള മരുന്ന് മെഡിക്കല്‍ കോ-ഓപ്പറേഷിനില്‍ നിന്നും എത്തിക്കുന്നതും ഇദ്ദേഹത്തിന്റെ ചുമതല ആയിരുന്നു.കൊട്ടാരക്കര താലൂക്കാശുപത്രിയിലെ സൂപ്രണ്ടിനു ആറു വാര്‍ഡിലെ രോഗികളുടെ മരുന്നിന്റെ ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡും കൊട്ടാരക്കര താലൂക്കാശുപത്രയിലെ ജീവിത ശൈലിക്ലിനിക്കിനോട് കൂട്ടിചേര്‍ത്തതോടെ മുഴുവന്‍ വാര്‍ഡുകളിലേക്കുമുള്ള മരുന്നുകള്‍ എങ്ങനെ, ആര് വാങ്ങുമെന്ന് ആശയക്കുഴപ്പമുണ്ടായി. ഇതാണ് രോഗികള്‍ക്ക് മരുന്നു ലഭിക്കാതിരിക്കാന്‍ കാരണമായത്.
എല്ലാ വ്യാഴാഴ്ചയും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയോ , ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സിന്റെയോ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. നെടുമണ്‍കാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ട്രലില്‍ നിന്നും എത്തുന്ന ഒരു ജീവനക്കാരിയുടെയും ഡയറ്റീഷന്റെയും സേവനം മാത്രമാണ് ലഭിക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളുടെ സേവനമാണ് സഹായകമാകുന്നത്.മരുന്ന് ലഭിക്കാനുള്ള കാലതാമസവും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്.ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."