പ്രതി പിടിയിലായത് പൊലിസിന്റെ പഴുതടച്ച അന്വേഷണത്തില്‍
വെള്ളമുണ്ട: കണ്ടത്തുവയല്‍ പുരിഞ്ഞിയിലെ യുവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടുമാസം കൊണ്ട് പിടികൂടാനായത് പൊലിസിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും പഴുതടച്ച അന്വേഷണത്തിന്റെയും ഫലം.
തുടക്കം മുതല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് 28 അംഗ സംഘം കേസന്വേഷണം നടത്തിയത്. നാനാഭാഗത്ത് നിന്നും പല ആരോപണങ്ങളും അഭിപ്രായങ്ങളും കേസിനെ കുറിച്ച് ഉയര്‍ന്ന് വന്നതിനാല്‍ ഉമറിന്റെ കുടുംബ പശ്ചാത്തലം, കൂട്ട് കൃഷി, വ്യാപാരം എന്നിവയെല്ലാം വിശദമായി പഠിച്ചു. കേരളത്തിന് അകത്തും പുറത്തും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തി. കൊലപാതകം നടന്ന ദിവസവും പിറ്റേന്നും പ്രദേശത്ത് വന്നുപോയി എന്ന് സംശയിക്കുന്ന വാഹനങ്ങളെ കുറിച്ച് സംസ്ഥാനത്തെ വിവിധ ആര്‍.ടി.ഒ ഓഫിസുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 23ഓളം സി.സി.ടി.വി കാമറകള്‍ പരിശോധിച്ചും അന്വേഷണം നടത്തി. സംഭവസ്ഥലത്തും ജില്ലയിലും സംസ്ഥാനത്ത് പലയിടത്തും താമസിക്കുന്ന സംശയം തോന്നിയ വ്യക്തികളുടെ കാല്‍വിരലടയാളങ്ങളും, കൈ വിരലടയാളങ്ങളും പരിശോധിച്ചു. 230 ഓളം ഇതര സംസ്ഥാന തൊഴിലാളികളുടെയും കുടാതെ സ്ഥലത്തുള്ള തദ്ദേശീയരായിട്ടുള്ളവരായ 60 വയസില്‍ താഴെയുള്ള 700ഓളം പേരുടെയും വിരലടയാളങ്ങള്‍ പരിശോധിച്ചു. അന്യജില്ലകളില്‍ കൊലപാതകം, മോഷണം, വീട് കുത്തിത്തുറന്ന് മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ വിവരങ്ങള്‍, സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ കുറ്റവാളികള്‍, കഞ്ചാവ് കച്ചവടക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ച് കുടക്, മൈസുരു, ബംഗളുരു, നീലഗിരി, കോയമ്പത്തുര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മുന്‍ കുറ്റവാളികളെ കുറിച്ചും ജയിലില്‍ നിന്നും വിട്ടയച്ചവരെ കുറിച്ചും വിശദമായ അന്വേഷണം നടത്തിയിരുന്നു. കേസിന്റ അന്വേഷണത്തില്‍ രണ്ട് ലക്ഷത്തിലധികം ഫോണ്‍ കോളുകളും നിരവധി എസ്.എം.എസുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു.
അന്വേഷണ മധ്യേ മുന്‍ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കി വരവെയാണ് അന്വേഷണ സംഘം വിശ്വാനാഥനിലേക്ക് എത്തുന്നത്. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ കുറിച്ചും ബാധ്യതകളെ കുറിച്ചും മറ്റ് ഇടപാടുകളെ കുറിച്ച് നടത്തിയ വിശദമായ അന്വേഷണം നടത്തിയതില്‍ ഇയാള്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തതായി മനസിലാക്കിയതോടെയാണ് കേസിന് തുമ്പുണ്ടായത്. ഈ ഇടപാടില്‍ സംശയം തോന്നി ഇയാളെ കണ്ടുപിടിച്ച് ചോദ്യം ചെയ്യുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. അതിനിടെ ഇയാള്‍ പൊലിസിന്റെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാതെ സ്ഥലത്ത് നിന്നും മാറി നില്‍ക്കാന്‍ ശ്രമിച്ചത് കുടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചു.
ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറ്റ്യാടിയിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതും പൊലിസ് കണ്ടെത്തി.
പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം പരിപാടികള്‍ ഉണ്ടാവുകയും വെള്ളമുണ്ടയില്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ശകതമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനിരിക്കെ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് അന്വേഷണ സംഘത്തിന് പൊന്‍ തൂവലായി മാറി.
'പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കണം'
കണ്ടത്തുവയല്‍: ഒരാളോട് പോലും ശത്രുത പുലര്‍ത്താതെ എല്ലാവരോടും പുഞ്ചിരിച്ച് നടന്നിരുന്ന തങ്ങളുടെ കുടപ്പിറപ്പിനെയും പ്രിയതമയെയും നിഷ്ടൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമം അനുശാസിക്കുന്നതിന്റെ പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന് കൊല്ലപ്പെട്ട ഉമറിന്റെ ജ്യേഷ്ട സഹോദരന്‍ മുനീര്‍ പറഞ്ഞു.
തങ്ങളുടെ ഉമ്മയെ മാതാവിന്റെ മഹത്വമറിഞ്ഞ് പരിചരിച്ച് പോന്നവനായിരുന്നു അനുജന്‍. അതുകൊണ്ട് തന്നെ അവന്റെയും പ്രിയതമയുടെയും വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് തങ്ങളുടെ ഉമ്മ ഇതുവെരെ മുക്തയായിട്ടില്ല.
കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഒരുപോലെ സ്‌നേഹവും കരുതലും നല്‍കിയാണ് ഉമര്‍ പരിചരിച്ചത്. അക്കാരണത്താല്‍ കുടുംബാങ്ങളെല്ലാം തീരാ ദുഃഖത്തിലാണ്. തങ്ങളുടെ അത്താണിയായിരുന്ന പ്രിയ അനുജനെയും ഭാര്യയെയും ഇല്ലായ്മ ചെയ്ത കൊടും ക്രിമിനലിന് വധശിക്ഷ തന്നെ വാങ്ങി നലകണമെന്നാണ് ഇവര്‍ പറയുന്നത്. തറവാട്ടില്‍ മകനോടും മരുമകളോടുമൊപ്പമായിരുന്നു ഉമ്മയുടെ ജീവിതം. ഇരുവരും കൊല്ലപ്പെടുന്നതിന് തലേന്നാണ് ഉമ്മ തന്റെ വീട്ടിലേക്ക് വന്നത്. രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയ ഉമ്മ കണ്ട കാഴ്ച ഉമ്മയുടെ ഇടനെഞ്ച് തകര്‍ക്കുന്നതായിരുന്നെന്നും മുനീര്‍ പറയുന്നു. ദുബായിലായിരുന്ന മുനീര്‍ സംഭവറിഞ്ഞാണ് നാട്ടിലെത്തിയത്. പിന്നീട് തിരിച്ച് പോയിട്ടില്ല. അനുജന്റെയും ഭാര്യയുടെയും കൊലയാളികളെ കണ്ടെത്തിയിട്ടേ ഇനി തിരികെ ദുബായിലേക്ക് പോകുവന്നായിരുന്നു തീരുമാനമെന്നും മുനീര്‍ പറയുന്നു. നിരവധി വിമര്‍ശനങ്ങള്‍ പൊലിസിന് നേരെ ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായപ്പോഴും തങ്ങള്‍ ഡിവൈ.എസ്.പിയിലും അന്വേഷണ സംഘത്തിലും വിശ്വാസമര്‍പ്പിച്ചിരുന്നു. ഒരു ജ്യേഷ്ട സഹോദരനെ പോലെയാണ് ഡിവൈ.എസ്.പി കെ.എം ദേവസ്യ പെരുമാറിയത്. അവരുടെ പരിശ്രമമാണ് ഈ കൊലയാളിയെ കുടുക്കിയതെന്നും മുനീര്‍ പറഞ്ഞു.
പ്രതിയെ തെളിവെടുപ്പിനെത്തിച്ചു;ആയുധവും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി
കോറോം: കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്താനായി ഉപയോഗിച്ച ആയുധവും വില്‍പ്പന നടത്തിയ സ്വര്‍ണവും കണ്ടെത്തി. പൂരിഞ്ഞിയിലെ വീടിന് മുമ്പിലുള്ള അടക്കാത്തോട്ടത്തില്‍ നിന്നാണ് കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്. കുറ്റ്യാടിയിലെ സ്വര്‍ണം വില്‍പ്പനശാലയില്‍ നിന്നും വില്‍പ്പന നടത്തിയ സ്വര്‍ണവും പൊലിസ് കണ്ടെടുത്തു. ജൂലൈ അഞ്ചിന് രാത്രി പൂരിഞ്ഞിയില്‍ വാഴയില്‍ ഉമര്‍, ഭാര്യ ഫാത്തിമ എന്നിവരെ കൊലപ്പെടുത്താനായി പ്രതി വിശ്വനാഥന്‍ ഉപയോഗിച്ച ആയുധം ഇന്നലെ ഉച്ചയോടെയാണ് പൊലിസ് പരിശോധനക്കിടെ കണ്ടെത്തിയത്. ഉച്ചയോടെ പ്രതിയെ തെളിവെടുപ്പിനായി കണ്ടത്തുവയലിലെ വീട്ടിലെത്തിച്ച ശേഷമാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലം പരിശോധിച്ച് ആയുധം പുറത്തെടുത്തത്. ചെളിയിലും പുല്ലിലും മറഞ്ഞ നിലയിലായിരുന്നു ആയുധമുണ്ടായിരുന്നത്. കൊലപാതകം നടന്നയുടനെ നടത്തിയ പരിശോധനകളില്‍ ആയുധം കണ്ടെത്താനായിരുന്നില്ല. രാത്രിയില്‍ വീട്ടിനുള്ളിലെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന ദമ്പതികളെ കണ്ടതോടെ പുറത്തിറങ്ങി തൊട്ടടുത്ത വീട് നിര്‍മാണ സ്ഥലത്ത് നിന്നും നിര്‍മാണത്തിന് കൊണ്ടുവന്ന കമ്പിയെടുത്ത് തിരിച്ചെത്തിയാണ് കൃത്യം ചെയ്തത്. രണ്ടുപേരെയും അടിച്ചു കൊലപ്പെടുത്തിയ ശേഷം ആയുധം റോഡിന് മുന്‍വശത്തെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഫാത്തിമയുടെ ശരീരത്തില്‍ നിന്നും അഴിച്ചെടുത്ത ആഭരണങ്ങളും അന്വേഷണ സംഘം കുറ്റ്യാടിയിലെ സ്വര്‍ണ വില്‍പ്പനശാലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 1.25 കാല്‍ ലക്ഷം രൂപക്കാണ് ഇവിടെ എട്ട് പവനോളം സ്വര്‍ണം വില്‍പ്പന നടത്തിയത്. പ്രതിയുടെ വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണും സംഭവ ദിവസം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി വിട്ടു കിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലിസ് അറിയിച്ചു.
പൊലിസിനെ അഭിനന്ദിച്ചു
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ പിടികൂടിയ പൊലിസ് നടപടിയെ മുന്‍ പട്ടികവര്‍ഗ ക്ഷേമ-യുവജന കാര്യവകുപ്പ് മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി അഭിനന്ദിച്ചു.
മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.
സംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇതിന് നേതൃത്വം നല്‍കിയ ജില്ലാ പൊലിസ് ചീഫിനും അഭിനന്ദമറിയിക്കുന്നതായി അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."